News

ഒപ്പമുള്ളത് ക്രിസ്തുവിലുള്ള വിശ്വാസം; ചാര്‍ലിയുടെ ആകസ്മിക വിയോഗത്തില്‍ പതറാതെ ഭാര്യ എറിക്ക

പ്രവാചകശബ്ദം 12-09-2025 - Friday

ഇല്ലിനോയിസ്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലൂവന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ ചാര്‍ലി കിര്‍ക്കിന്റെ വിയോഗത്തില്‍ പതറാതെ ഭാര്യ എറിക്ക. ജീവിതപങ്കാളിയുടെ വിയോഗത്തിലും എറിക്ക അവിശ്വസനീയമാം വിധം ശക്തയാണെന്നു ചാര്‍ലി സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ ഓര്‍ഗനൈസേഷന്റെ പ്രധാന സാമ്പത്തിക പങ്കാളിയും സുഹൃത്തുമായ ജാക്ക് പോസോബിക് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട ജീവിതം നയിക്കുന്ന എറിക്ക ഈ സാഹചര്യം യേശുക്രിസ്തുവിനു സമര്‍പ്പിച്ച് മുന്നോട്ട് പോകും.

കാമറയ്ക്ക് മുന്നില്‍ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷത്തിലും അവര്‍ തുടര്‍ന്നിരുന്നത് വിശ്വാസത്തില്‍ ആഴപ്പെട്ട ജീവിതരീതിയാണെന്നും അദ്ദേഹം വിശദീകരിച്ചു. വിശ്വാസത്തില്‍ അവര്‍ക്ക് അത്രയും ഉറച്ച ആശ്രയം ഉള്ളതിനാല്‍, നിലവിലെ പ്രതിസന്ധികളെ അവര്‍ക്ക് നേരിടാന്‍ കഴിയും. സ്വർഗത്തിൽ നിന്ന് മാത്രം ലഭിക്കുന്ന ശക്തിയോടെ ഇതിലൂടെ കടന്നുപോകാൻ എറിക്കയ്ക്ക് കഴിവുണ്ടെന്നും പോസോബിക്ക് പ്രത്യാശ പ്രകടിപ്പിച്ചു.



തന്റെ ശുശ്രൂഷയിലും നേതൃ മേഖലകളിലും സംരംഭകത്വ ശ്രമങ്ങളിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശ്വാസത്തിൽ വേരൂന്നി ക്രിസ്തു സ്നേഹത്താൽ ലക്ഷ്യബോധത്തോടെ ജീവിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിൽ എറിക്ക പ്രതിജ്ഞാബദ്ധയാണെന്നും കുടുംബവുമായി നേരിട്ടു ബന്ധമുള്ള പോസോബിക്ക് വെളിപ്പെടുത്തി. യൂട്ടായിൽ നടന്ന പരിപാടിയിൽ ചാർളി കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എറിക്ക ബൈബിൾ വചനം 'എക്സില്‍' പോസ്റ്റ് ചെയ്തിരിന്നു. "ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്" (സങ്കീര്‍ത്തനങ്ങള്‍ 46:1) എന്ന വചനമാണ് അവര്‍ പോസ്റ്റ് ചെയ്തത്.

എറിക്ക അടുത്തിടെ ആരംഭിച്ച BIBLEin365 എന്ന പേരിൽ ആരംഭിച്ച ഓണ്‍ലൈന്‍ മിനിസ്ട്രിക്ക് വലിയ സ്വീകാര്യത ലഭിച്ചിരിന്നു. ഓണ്‍ലൈനിലൂടെ ആയിരക്കണക്കിന് ക്രൈസ്തവരുമായി സഹകരിച്ച് ബൈബിൾ വായിക്കുകയും, സുവിശേഷം പ്രഖ്യാപിക്കുകയും, സമൂഹത്തിലെ ക്രിസ്ത്യൻ നേതാക്കളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഉദ്യമമായിരിന്നു ഇത്. മൂന്ന് വയസ്സുള്ള ഒരു മകളും, ഒന്നര വയസ്സു പ്രായമുള്ള ഒരു മകനുമാണ് ചാര്‍ലി -എറിക്ക ദമ്പതികള്‍ക്കുള്ളത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »