News
ലെയോ പാപ്പയും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും സ്വകാര്യ കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 23-09-2025 - Tuesday
വത്തിക്കാന്‍ സിറ്റി: തിരുസഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും കാലഘട്ടത്തിന്റെ വെല്ലുവിളികളെ ശക്തമായി തുറന്നുക്കാട്ടുകയും ചെയ്തു മാധ്യമ ശ്രദ്ധ നേടിയ ആരാധനാക്രമ തിരുസംഘത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ ലെയോ പതിനാലാമന്‍ പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. മെയ് മാസത്തിൽ ലെയോ പാപ്പ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇരുവരും ഔദ്യോഗികമായി കണ്ടുമുട്ടുന്നത് ഇതാദ്യമായാണ്. സംഭാഷണത്തിന്റെ ഉള്ളടക്കം വത്തിക്കാൻ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ സാറ, ലെയോ പാപ്പയുടെ പേപ്പല്‍ പദവിയില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചിരിന്നു.
താന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ലെയോ പാപ്പയുടെ പേപ്പല്‍ പദവിയെ കാണുന്നതെന്നും ലെയോ പാപ്പ തിരുസഭയില്‍ ക്രിസ്തു കേന്ദ്രീകരണം കൊണ്ടുവരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരിന്നു. കഴിഞ്ഞ സെപ്റ്റംബർ 12ന്, ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പത്രമായ അവെനിയറിനു അനുവദിച്ച അഭിമുഖത്തില്‍ കർത്താവിലല്ലാതെ സമാധാനം കെട്ടിപ്പടുക്കാനോ, സഭയെ കെട്ടിപ്പടുക്കാനോ, ആത്മാക്കളെ രക്ഷിക്കാനോ നമുക്ക് ഒന്നും ചെയ്യാനോ കഴിയില്ലായെന്നു ലെയോ പാപ്പ പറയുകയാണെന്ന് കര്‍ദ്ദിനാള്‍ സാറ അനുസ്മരിച്ചു. കര്‍ദ്ദിനാള്‍ സാറയ്ക്കു സമാനമായി ക്രിസ്തു കേന്ദ്രീകൃതമായ സുവിശേഷ പ്രഖ്യാപനത്തിന് മുന്‍ഗണന നല്‍കുന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ നിലപാട് പ്രതീക്ഷ പകരുകയാണെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളറും അടുത്തിടെ പറഞ്ഞിരിന്നു.
2014 നവംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ ആരാധനാക്രമ തിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ സാറ വിരമിക്കല്‍ 75 വയസ്സ് പൂർത്തിയായതിനെ തുടർന്ന് 2020-ല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. 2021-ലാണ് പാപ്പ രാജി സ്വീകരിച്ചത്. വത്തിക്കാനിലെ ഏറ്റവും മുതിര്‍ന്ന ആഫ്രിക്കന്‍ പുരോഹിതനായ കര്‍ദ്ദിനാള്‍ സാറ 2001-മുതല്‍ വത്തിക്കാനില്‍ പല പ്രധാന പദവികളും വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആഗോള സഭയില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയാണ് കര്‍ദ്ദിനാള്‍ സാറ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
