News - 2024

ലത്തീൻ, പൗരസ്ത്യ വിശ്വാസങ്ങളെ കൂടുതൽ ഐക്യപ്പെടുത്തുന്നതിനായി കാനോൻ നിയമത്തില്‍ മാര്‍പാപ്പ ഭേദഗതി കൊണ്ടുവന്നു

സ്വന്തം ലേഖകന്‍ 17-09-2016 - Saturday

വത്തിക്കാന്‍: ലത്തീന്‍ സഭയും പൌരസ്ത്യ സഭയും തമ്മിലുള്ള ഐക്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കാനോന്‍ നിയമത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ പരിഷ്‌കാരം കൊണ്ടു വന്നു. വിവാഹ വേളയില്‍ വധുവരന്‍മാരില്‍ ഒരാള്‍ പൌരസ്ത്യ സഭകളിലെ അംഗമാണെങ്കില്‍ വിവാഹം ആശീര്‍വദിക്കാന്‍ ഒരു വൈദികന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് പുതിയ കാനോന്‍ നിയമത്തിലെ പരിഷ്‌കാരം നിഷ്‌കര്‍ഷിക്കുന്നു.

നിലവില്‍ ലത്തീന്‍ വിഭാഗത്തിലെ ഒരു ഡീക്കന് വിവാഹം ആശീര്‍വദിക്കുവാനുള്ള അനുമതിയുണ്ട്. ഇനി മുതല്‍ വധുവരന്‍മാരില്‍ ഒരാള്‍ പൌരസ്ത്യ കത്തോലിക്ക സഭകളിലെ അംഗമോ, ഓര്‍ത്തഡോക്‌സ് സഭകളിലെ അംഗമോ ആണെങ്കില്‍ വിവാഹം സാധുവാകണമെങ്കില്‍ പുരോഹിതന്‍ തന്നെ കൂദാശ ആശീര്‍വദിക്കണമെന്ന് കാനോന്‍ നിയമം പറയുന്നു.

മാമോദീസ, വിവാഹം എന്നീ കൂദാശകളില്‍ ലത്തീന്‍ ക്രമത്തില്‍ നിലനില്‍ക്കുന്ന 11 കാനോനിക നിയമങ്ങളിലെ ഒരു പ്രധാന തിരുത്താണ്, പുതിയ നിയമം കൊണ്ടുവരുന്നതിലൂടെ മാര്‍പാപ്പ ഉദ്ദേശിക്കുന്നത്. പൌരസ്ത്യ കത്തോലിക്ക സഭ, ഓര്‍ത്തഡോക്‌സ് സഭകളോട് കൂടുതല്‍ ഐക്യപ്പെട്ടു പോകുവാനുള്ള നടപടിയായിട്ടാണ് മാര്‍പാപ്പ ഇത്തരം ഒരു പുതിയ തിരുത്ത് സഭയുടെ കാനോനിക നിയമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്‌സ്റ്റ് സെക്രട്ടറി ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരീറ്റിയയാണ് പുതിയ കാനോനിക നിയമങ്ങളിലെ ഭേദഗതികള്‍ വിശദമാക്കിയത്.

'മോട്ടു പ്രോപ്രിയോ' എന്ന തന്റെ അപ്പോസ്‌ത്തോലിക എഴുത്തിലൂടെയാണ് 1983 മുതല്‍ നിലനിന്നിരുന്ന ലത്തീന്‍ കാനോനിക നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ മാര്‍പാപ്പ തീരുമാനിച്ചതെന്ന് ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരീറ്റിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകത്തിലെ വലിയ വിഭാഗം കത്തോലിക്ക വിശ്വാസികളും ലത്തീന്‍ റീത്ത് (ആരാധനാ രീതി) പിന്‍തുടരുന്നവരാണ്. ലത്തീന്‍ റീത്തിന്റെ പാരമ്പര്യ പ്രകാരം ഒരു വിവാഹം ആശീര്‍വദിക്കുന്നതിന് വൈദികന്‍ ആവശ്യമില്ല. പകരം ഒരു ഡീക്കന്‍ മതിയാകും. എന്നാല്‍ പൌരസ്ത്യ സഭകളുടെയും ഓര്‍ത്തഡോക്‌സ് സഭകളുടെയും വിശ്വാസവും പാരമ്പര്യവും അനുസരിച്ച് വൈദികനോ, മേല്‍പട്ടക്കാരനോ മാത്രമേ വിവാഹം ആശീര്‍വദിക്കുവാന്‍ സാധിക്കാന്‍ കഴിയുകയുള്ളൂ.

ഇനി മുതല്‍ ലത്തീന്‍ ക്രമത്തിലെ ഒരു വധുവോ, വരനോ പൌരസ്ത്യ സഭയിലെ വിശ്വാസികളുമായി വിവാഹിതരാകുമ്പോള്‍ വിവാഹം ആശീര്‍വദിക്കുന്നതിന് പുരോഹിതന്റെ സാന്നിധ്യം നിര്‍ബന്ധമായും വേണം. മുന്‍പ് പുറത്തുവന്ന ലത്തീന്‍ ക്രമത്തിന്റെ കാനോനിക നിയമത്തിലെ പല കാര്യങ്ങളിലുമുള്ള കാഴ്ചപാട് അന്നത്തെ ക്രമപ്രകാരമാണ് നടത്തിയിരിക്കുന്നതെന്നും, പൌരസ്ത്യ കത്തോലിക്ക സഭകളുടെ കാനോന്‍ നിയമം 1990-ല്‍ നിലവില്‍ വന്നതിനാല്‍ തന്നെ, കൂടുതല്‍ പരിഷ്‌കരിച്ച പതിപ്പ് അതിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നതെന്നും ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ പറഞ്ഞു. കാലഘട്ടത്തിനനുസൃതമായ സ്വീകാര്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയാണ് മാര്‍പാപ്പ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.

പുതിയ കാനോന്‍ നിയമ പരിഷ്‌കാരങ്ങള്‍ പൌരസ്ത്യ കത്തോലിക്ക വിശ്വാസികള്‍ക്ക് മാത്രമുള്ളതല്ലെന്നും പൌരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍ക്കും ഇതു ബാധകമാണെന്നും ബിഷപ്പ് ജുവാന്‍ വിശദീകരിച്ചു. മറ്റു സഭാ വിശ്വാസികള്‍ക്ക് വൈദികരുടെ സേവനം ലഭ്യമല്ലാത്ത അവസ്ഥയില്‍ കത്തോലിക്ക വൈദികര്‍ അവരുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹിച്ചു നല്‍കാറുണ്ട്. എക്യൂമിനിക്കല്‍ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും അതിനെ വളര്‍ത്തുന്നതിനും ഇതു വളരെ വിലപ്പെട്ടതാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

യുക്രേനിയന്‍, റുത്തേനിയന്‍, മെല്‍കൈറ്റ്, റോമാനിയന്‍, മറോണൈറ്റ്, അര്‍മേനിയന്‍, കല്‍ദായന്‍, സിറിയന്‍, സിറോ മലബാര്‍, സിറോ മലങ്കര എന്നീ കത്തോലിക്ക റീത്തുകളാണ് പൌരസ്ത്യ പാരമ്പര്യമുള്ള കത്തോലിക്ക സഭകള്‍. ഈ സഭകള്‍ ലത്തീന്‍ ക്രമപ്രകാരമുള്ള റോമിലെ സഭയോട് പലകാലങ്ങളിലായി പുനരൈക്യപ്പെടുകയായിരുന്നു. ഈ സഭകളുടെ നിയമങ്ങളോടും വിശ്വാസത്തോടും പാരമ്പര്യത്തോടും കൂടുതല്‍ യോജിക്കുന്നതിനു വേണ്ടിയാണ് ലോകം മുഴുവനും ഒരേ പോലെ വളര്‍ന്നു പന്തലിച്ച ലത്തീന്‍ സഭയുടെ കാനോനിക നിയമത്തില്‍ മാര്‍പാപ്പ പരിഷ്‌കാരം നിര്‍ദേശിച്ചതെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. സഭയിലെ ഐക്യശ്രമങ്ങള്‍ക്ക് ഏറെ ഊര്‍ജം പകരുന്നതും മറ്റുള്ള സഭകളെ ബഹുമാനിക്കുന്നതുമായ നടപടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നും വന്നിട്ടുള്ളത്.

സ്വഭവനവും ദേശവും ഉപേക്ഷിച്ച് ലത്തീന്‍ ക്രമപ്രകാരമുള്ള ആരാധന രീതി പിന്‍തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്കും മറ്റു പൌരസ്ത്യ കത്തോലിക്ക വിശ്വാസികള്‍ക്കും ഏറെ ഗുണം ചെയ്യുന്നതാണ് മാര്‍പാപ്പയുടെ പുതിയ കാനോന്‍ പരിഷ്‌കാരം. പൂര്‍വ്വീകരുടെ ആരാധന രീതികളും നടപടികളും പുതിയ സ്ഥലങ്ങളിലും തുടരുന്നതിനുള്ള അവസരവും ഈ പരിഷ്ക്കാരത്തിലൂടെ അവര്‍ക്ക് ലഭിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »