News
അന്ന് ക്രിസ്തീയ വിശ്വാസത്തെപ്രതി പരിഹസിച്ചു, മാറ്റി നിര്‍ത്തി; ഇന്ന് വിജയനെറുകയില്‍ ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് ജെമിമയുടെ മറുപടി
പ്രവാചകശബ്ദം 31-10-2025 - Friday
മുംബൈ: അസാധ്യമെന്ന് കരുതിയ മത്സരത്തില്‍ അതിനിര്‍ണ്ണായക മുന്നേറ്റം നടത്തി ഇന്ത്യയെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെത്തിച്ച ജെമിമ റോഡ്രിഗസാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. നേരിട്ടും ടെലിവിഷനിലുമായി കോടിക്കണക്കിന് ആളുകളെ സാക്ഷിയാക്കി നടന്ന സെമി ഫൈനല്‍ മത്സരത്തിലെ വിജയ നേട്ടത്തിന് പിന്നാലെ തന്റെ ക്രിസ്തീയ വിശ്വാസവും വിശുദ്ധ ബൈബിളിലുള്ള ആശ്രയവും ജെമിമ സാക്ഷ്യപ്പെടുത്തിയതും ഏറെ ശ്രദ്ധ നേടിയിരിന്നു. എന്നാല്‍ ക്രിസ്തു വിശ്വാസത്തെ പ്രതി, മാറ്റിനിര്‍ത്തലിന്റെ ഒത്തിരി വേദനകളിലൂടെ കടന്നുപോയ ഒരു യുവ താരം കൂടിയായിരിന്നു ജെമിമയെന്ന് എത്ര പേര്‍ക്ക് അറിയാം...!
ബാല്യവും കൗമാരവും
സ്കൂളിൽ ചെറിയ പ്രായത്തിലെ കായികമത്സരങ്ങളിൽ മികവ് കാട്ടിയ ജെമിമ ക്രിക്കറ്റിലും ഹോക്കിയിലും അത്ലറ്റിക്സിലുമെല്ലാം സജീവമായിരുന്നു. സ്കൂളിലെ കായികപരിശീലകനായിരുന്നു ജെമിമയുടെ പിതാവ് ഇവാൻ റോഡ്രിഗസ്. കായികരംഗത്ത് മികച്ച സൌകര്യത്തിനായ ബാന്ദ്ര വെസ്റ്റിലെ സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്‌കൂളിലാണ് ജെമിമയെയും രണ്ടു സഹോദരൻമാരെയും ചേർത്തത്. ഹോക്കിയിലും ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടിയാണ് ഈ കായികതാരം വളർന്നുവന്നത്.
പതിനഞ്ചാം വയസ് വരെ ഹോക്കി കളിച്ച ജെമിമ റോഡ്രിഗസ് പിന്നീടാണ് ക്രിക്കറ്റിലേക്ക് തിരിയുന്നത്. അവർ മഹാരാഷ്ട്രയുടെ അണ്ടർ-17 ഹോക്കി താരമായിരുന്നു. എന്നാൽ ക്രിക്കറ്റിലേക്ക് തിരിഞ്ഞ ജെമിമ വളരെ വേഗം മികവ് തെളിയിച്ചു. മുംബൈ വനിതാ ക്രിക്കറ്റിലെ മികച്ച ഓൾറൌണ്ടറായി അവള്‍ വളർന്നു. 2018 ജൂണിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) മികച്ച ആഭ്യന്തര ജൂനിയർ വനിതാ ക്രിക്കറ്റർക്കുള്ള പുരസ്ക്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് അവള്‍ സീനിയർ ടീമിലേക്ക് വരുന്നത്. ഇതിന് പിന്നാലേ ഒത്തിരി നേട്ടങ്ങള്‍ സ്വന്തമാക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞു.
സഹനത്തിന്റെ നാളുകള്‍
2023-ലാണ് മുബൈയിലെ ഏറ്റവും പഴയതും പ്രശസ്തവുമായ ക്ലബ്ബായ ഖാർ ജിംഖാന ക്ലബ്ബിൽ മൂന്ന് വർഷത്തെ ഓണററി അംഗത്വം താരത്തിന് ലഭിക്കുന്നത്. എന്നാല്‍ മുന്നോട്ടുള്ള കാര്യങ്ങള്‍ അത്ര സുഖകരമായിരിന്നില്ല. മാനുവൽ മിനിസ്ട്രീസ് എന്ന ക്രിസ്ത്യന്‍ സംഘടനയുമായി ബന്ധമുള്ള പിതാവ് ഇവാൻ റോഡ്രിഗസ് ഒന്നര വർഷത്തിനിടെ നിരവധി പരിപാടികൾക്കായി ക്ലബ്ബിൻ്റെ പ്രസിഡൻഷ്യൽ ഹാൾ ബുക്ക് ചെയ്‌തതായി ആരോപണം ഉയര്‍ന്നതോടെ വിവാദത്തിന് തിരി തെളിയുകയായിരിന്നു. ക്രിസ്തീയ വിശ്വാസ പ്രചരണത്തിന് വേണ്ടിയെന്നാണ് പലരും ആരോപിച്ചത്. എന്നാൽ ക്ലബിൻ്റെ ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ഇവാൻ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും അത് ചെവിക്കൊള്ളാന്‍ ആരും തയാറായില്ല.
2024 ഒക്ടോബർ 20ന് നടന്ന പൊതുയോഗത്തിൽ ക്ലബ്ബ് അംഗങ്ങൾ ജെമിമ റോഡ്രിഗസിൻ്റെ അംഗത്വം റദ്ദാക്കാന്‍ ചര്‍ച്ച നടത്തി. വൈകാതെ താരത്തിന് നൽകിയ ഓണററി അംഗത്വം റദ്ദാക്കിയെന്ന് ഖാർ ജിംഖാന പ്രസിഡന്റ് വിവേക് ദേവ്നാനി മാധ്യമങ്ങളെ അറിയിച്ചു. ഈ വാർത്ത പുറത്തുവന്നതോടെ ജെമിമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളിലും സംഘ്പരിവാർ ഹാൻഡിലുകളിലും കടുത്ത സൈബർ ആക്രമണവും ട്രോളിങും ഉണ്ടായി. ക്രിസ്തീയ പ്രചാരകന്റെ മകള്‍, ക്രിക്കറ്റ് മിഷ്ണറി തുടങ്ങീ ജെമിമയെ പരിഹസിച്ച് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ കൂട്ടത്തോടെ രംഗത്ത് വന്നു.
രാജ്യത്തെ പ്രമുഖ ക്ലബില്‍ നിന്നു പുറത്താക്കിയതു ഇന്ത്യന്‍ ടീമില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തിപ്പെടുവാനുള്ള സാധ്യതയിലേക്ക് നയിക്കുമെന്ന് പലരും വിലയിരുത്തി. ഒറ്റപ്പെടലിന്റെ, കണ്ണുനീരിന്റെ ദിനങ്ങള്‍. ഇടയ്ക്കു ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ വല്ലാത്ത വേദനകളിലൂടെ കടന്നുപോകുന്നുണ്ടെന്നും എന്നാല്‍ പിടിച്ച് നില്‍ക്കാന്‍ പ്രത്യാശ പകരുന്നത് കര്‍ത്താവാണെന്നും അവള്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും" (മത്തായി 10:22) എന്ന കര്‍ത്താവിന്റെ വചനം അവളുടെ ജീവിതത്തില്‍ അന്വര്‍ത്ഥമാകുകയായിരിന്നു.
ഇന്നലെ ഐസിസി പ്രതിനിധിയ്ക്കും പിന്നാലേ മാധ്യമങ്ങള്‍ക്കും അനുവദിച്ച അഭിമുഖത്തില്‍ - താന്‍ ഈ ലോകകപ്പ് ടൂറില്‍ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ടെന്നു അവള്‍ പറഞ്ഞിരിന്നു. മാനസികമായി നല്ല അവസ്ഥയിലായിരുന്നില്ല, ഉത്കണ്ഠ വലുതായിരിന്നു. പ്രയാസകരമായ ഈ സമയങ്ങളിൽ വിശ്വാസമാണ് കരുത്ത് നൽകിയതെന്നും യേശു എന്നോടൊപ്പമുണ്ടായിരുന്നുവെന്നും അവനാണ് എന്നിലൂടെ ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്നും അവള്‍ സാക്ഷ്യപ്പെടുത്തി.
ഒരു വര്‍ഷം മുന്‍പ് കുടുംബത്തിന്റെ ക്രിസ്തീയ വിശ്വാസത്തെ പ്രതി കൊടിയ പരിഹാസമേറ്റുവാങ്ങേണ്ടി വന്ന ജെമിമയ്ക്കു ഇന്ന് ഭാരതത്തിന്റെ കൈയടി. പരിഹസിച്ച അതേ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ നിന്നു തന്നെ അഭിനന്ദന പ്രവാഹം. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഇന്നിംഗ്‌സിലൂടെ, അസാധ്യമെന്ന കരുതിയ സ്കോര്‍ മറികടന്ന് ഇന്ത്യയെ ഫൈനലിലെത്തിച്ച താരത്തിന്റെ നിശബ്ദമായ മറുപടി. വിജയത്തിന്റെ നെറുകയിലും തനിക്ക് ബലമേകിയ യേശുവിന് അര്‍പ്പിക്കുകയാണ് അവള്‍. തന്റെയും കുടുംബത്തിന്റെയും ക്രിസ്തീയ വിശ്വാസത്തെ പരിഹസിച്ചവര്‍ക്ക്, മാറ്റി നിര്‍ത്തിയവര്‍ക്ക് അതേ ക്രിസ്തു വിശ്വാസത്തെ ചേര്‍ത്തുപിടിച്ചുള്ള മറുപടി. "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും" (മത്തായി 10:22) - ദൈവത്തിന്റെ പദ്ധതികള്‍ എത്രയോ വിസ്മയാവഹം..!!
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?




















