News

ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്ക ആഗോള തലത്തില്‍ ഏറ്റവും ഉയരം കൂടിയ ദേവാലയം

പ്രവാചകശബ്ദം 01-11-2025 - Saturday

മാഡ്രിഡ്: ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്പെയിനിലെ ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്ക ആഗോള തലത്തില്‍ ഏറ്റവും ഉയരം കൂടിയ ദേവാലയം. 535 അടി ഉയരമാണ് ദേവാലയത്തിനുള്ളത്. 1890 മുതൽ ജർമനിയിലെ ഉൽമ് മിൻസ്റ്റർ എന്ന പ്രൊട്ടസ്റ്റൻ്റ് പള്ളിയുടെ പേരിലുള്ള 161.53 മീറ്ററിന്റെ റിക്കാർഡാണു മറികടന്നത്. ബസിലിക്കയിലെ 'ടവർ ഓഫ് ജീസസ് ക്രൈസ്റ്റ്' എന്ന മുഖ്യ ഗോപുരത്തിൽ കുരിശിന്റെ ഒരു ഭാഗം ഘടിപ്പിച്ചതോടെ ഉയരം 162.91 മീറ്ററായി.

മുഖ്യ ഗോപുരത്തിൽ കുരിശ് മുഴുവനായി ഘടിപ്പിച്ചു കഴിയുമ്പോൾ തിരുക്കുടുംബ ബസിലിക്കയുടെ ഉയരം 172 മീറ്ററായി ഉയരും. കുരിശിന്റെ താഴത്തെ ഭാഗത്തിന് മാത്രം 20 അടിയിലധികം ഉയരവും 24 ടൺ ഭാരവുമുണ്ട്. 1882 നിർമ്മാണം ആരംഭിച്ച ബസിലിക്കയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അന്‍റോണിയോ ഗൗഡി എന്ന പ്രമുഖ ആര്‍ക്കിടെക്ട്ടാണ് മനോഹരമായ പടുകൂറ്റൻ ദേവാലയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്.

ദേവാലയത്തിന്റെ അകത്തെ ഉയരത്തിന്റെ കാര്യത്തില്‍ റോമിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്ക തന്നെയായിരിക്കും ഒന്നാമന്‍. മുകളില്‍ കുരിശോട് കൂടിയ ക്രിസ്തുവിന്റെ ഗോപുരമാണ് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നത്. അതിലും അല്‍പ്പം ഉയരകുറവുള്ള മറിയത്തിന്റെ ഗോപുരവും ചുറ്റുമായി സുവിശേഷകരെ പ്രതിനിധാനം ചെയ്യുന്ന നാല് ഗോപുരവുമായിരിക്കും സഗ്രഡ ഫാമിലിയയുടെ പ്രധാന ആകര്‍ഷണം. അടിയുറച്ച കത്തോലിക്ക വിശ്വാസിയായ ഗൗഡി തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഈ സ്വപ്നപദ്ധതിയ്ക്കായാണ് ചെലവഴിച്ചത്.

1926ൽ ഗൗഡി മരിക്കുമ്പോൾ ദേവാലയ നിർമ്മാണം വളരെ കുറച്ചുമാത്രമേ പൂർത്തിയായിരുന്നുള്ളു. അദ്ദേഹം മരിച്ചിട്ട് 100 വർഷം തികയുന്ന 2026ൽ ദേവാലയ നിർമ്മാണം പൂർത്തിയാക്കുമെന്നാണ് കണക്കുകൂട്ടല്‍. ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. 45 ലക്ഷത്തോളം ആളുകളാണ് ഈ ദേവാലയം വർഷംതോറും സന്ദർശിക്കുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »