News - 2026
സുഡാൻ ജനതയ്ക്കുവേണ്ടി സഹായ അഭ്യർത്ഥനയുമായി ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 04-11-2025 - Tuesday
റോം: ആക്രമണങ്ങളും കൂട്ടക്കൊലകളും ദിനംപ്രതി വർദ്ധിച്ചുവരുന്ന സുഡാനിൽ, സമാധാനം പുനഃസ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥനയുമായി ലെയോ പാപ്പ. നവംബർ 2 ഞായറാഴ്ച, മധ്യാഹ്നപ്രാർത്ഥനയ്ക്ക് ശേഷമാണ് ലെയോ പതിനാലാമൻ പാപ്പാ സുഡാനിൽ ഇപ്പോൾ അരങ്ങേറുന്ന അതിക്രൂരമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രാർത്ഥനാഭ്യർത്ഥന നടത്തിയത്. ഏകദേശം 13 ദശലക്ഷം ആളുകൾ കുടിയിറക്കപ്പെട്ട നാട്ടിൽ, 30 ദശലക്ഷം പുരുഷന്മാരും സ്ത്രീകളും, പ്രായമായവരും, കുട്ടികളും അടങ്ങിയവർക്ക് അടിയന്തര മാനുഷിക സഹായവും ആവശ്യമുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരിന്നു. ഈ വിഷമകരമായ പശ്ചാത്തലത്തിലാണ് പാപ്പ സുഡാനി ജനതയ്ക്കു വേണ്ടി പ്രാർത്ഥനാഭ്യർത്ഥന നടത്തിയത്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ, സാധാരണക്കാർക്കെതിരായ ആക്രമണങ്ങൾ വര്‍ദ്ധിച്ചു വരികയാണെന്നും ആക്രമണങ്ങള്‍ വടക്കൻ ഡാർഫറിനെ "കീറിമുറിച്ചു" എന്നും പാപ്പ ചൂണ്ടിക്കാട്ടി. വെടിനിർത്തലിനും മാനുഷിക ഇടനാഴികൾ അടിയന്തിരമായി തുറക്കുന്നതിനും താൻ അഭ്യർത്ഥിക്കുന്നതായും അന്താരാഷ്ട്ര സമൂഹം നിർണ്ണായകമായും ഉദാരമായും ഈ സാഹചര്യങ്ങളിൽ ഇടപെടാനും, ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പിന്തുണ നൽകുവാൻ ക്ഷണിക്കുന്നതായും പാപ്പ പറഞ്ഞു. കൂട്ടക്കൊലകൾ, വംശീയ ആക്രമണങ്ങൾ, വിവിധ തരത്തിലുള്ള ക്രൂരതകൾ എന്നിവ വടക്കൻ ഡാർഫറിന്റെ തലസ്ഥാനമായ എൽ ഫാഷറിന്റെ പതനത്തെത്തുടർന്ന് സ്ഥിതികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
18 മാസത്തെ ആഭ്യന്തര കലാപത്തിന് ശേഷം ഒക്ടോബർ 27-ാം തീയതിയാണ് എസ്എഎഫിൻ്റെ നിയന്ത്രണത്തിലുള്ള ദാർഫുറിലെ എൽ ഫാഷർ നഗരം തങ്ങൾ പിടിച്ചെടുത്തതായി ആർഎസ്എഫ് അവകാശപ്പെട്ടത്. ഇതോടെ രാജ്യത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും ഇവരുടെ നിയന്ത്രണത്തിലാവുകയും ചെയ്‌തു. എൽ ഫാഷർ നഗരം ആർഎസ്എഫ് പിടിച്ചതോടെ കൂട്ടക്കൊലയുടെ ഞെട്ടിപ്പിക്കുന്ന വാർത്തകളും സുഡാനിൽ നിന്ന് പുറത്ത് വന്നിരിന്നു.

















