News

സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നിവ ഒഴിവാക്കണം: മരിയന്‍ വിശേഷണങ്ങളെ സംബന്ധിച്ച രേഖയുമായി വത്തിക്കാന്‍

പ്രവാചകശബ്ദം 05-11-2025 - Wednesday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് നല്‍കുന്ന വിശേഷണങ്ങളെ സംബന്ധിച്ചു വത്തിക്കാനിലെ, വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി പ്രത്യേക രേഖ പ്രസിദ്ധീകരിച്ചു. ഏതെല്ലാം മരിയൻ ശീർഷകങ്ങളാണ് പൊതുവായി ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ചാണ് ഡിക്കാസ്റ്ററി രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ഒഴിവാക്കണമെന്നു ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകിയിരിക്കുന്ന രേഖയില്‍ പറയുന്നു.

ഇന്നലെ നവംബർ നാലാം തീയതി ചൊവ്വാഴ്ചയാണ് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി, പരിശുദ്ധ മറിയത്തിന്റെ ശീർഷകങ്ങളെ സംബന്ധിച്ചുള്ള പുതിയ രേഖ "മാത്തെർ പോപ്പുളി ഫിദെലിസ്" എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്. ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും, സെക്രട്ടറി മോൺസിഞ്ഞോർ അർമാൻദോ മത്തേയോയും ചേര്‍ന്നു ഒപ്പുവച്ച രേഖയ്ക്ക്, ഒക്ടോബർ മാസത്തില്‍ തന്നെ ലെയോ പതിനാലാമൻ പാപ്പ അംഗീകാരം നൽകിയിരിന്നു.

വിശുദ്ധ ഗ്രന്ഥം, സഭാപിതാക്കന്മാർ, വേദപാരംഗതന്മാർ, പൗരസ്ത്യ പാരമ്പര്യ ഘടകങ്ങൾ, സമീപകാല പരിശുദ്ധ പിതാക്കന്മാരുടെ ചിന്തകൾ എന്നിവയാണ് ഈ രേഖയ്ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. രേഖയിൽ ചില മരിയൻ ശീർഷകങ്ങളെ വിശകലനം ചെയ്യുകയും, ചില ഉപയോഗങ്ങൾക്കെതിരെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. വിശ്വാസികളുടെ മാതാവ്, ആത്മീയ അമ്മ, വിശ്വാസ സമൂഹത്തിന്റെ അമ്മ തുടങ്ങിയ ശീർഷകങ്ങൾ ഉപയോഗിക്കുന്നതിനെ രേഖ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ സഹരക്ഷക, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നിവ ഉപയോഗിച്ച് പരിശുദ്ധ മറിയത്തെ വിളിക്കുന്നത് അനുചിതമാണെന്നും വത്തിക്കാന്‍ അറിയിച്ചു.

കൃപകളുടെ മാതാവ്, എല്ലാ കൃപകളുടെയും മധ്യസ്ഥ എന്നീ ശീർഷകങ്ങൾ ചില അർത്ഥത്തിൽ സ്വീകാര്യമെന്നു തോന്നാമെങ്കിലും, ഇവയുടെ അർത്ഥവിശദീകരണങ്ങൾ ഏറെ അപകട സാധ്യതകൾ മുൻപോട്ടു വയ്ക്കുന്നുവെന്നു രേഖയിൽ പരാമർശിക്കുന്നു. ചില മരിയൻ ശീർഷകങ്ങൾ ശരിയായ വ്യാഖ്യാനത്തിലൂടെ വിശദീകരിക്കാൻ കഴിയുമെങ്കിലും, അവ ഒഴിവാക്കുന്നതാണ് നല്ലതെന്ന് രേഖയിൽ എടുത്തു പറയുന്നു. സഹരക്ഷക എന്ന പദം, സിദ്ധാന്തപരവും അജപാലനപരവും എക്യുമെനിക്കൽ കാരണങ്ങളാലും രണ്ടാം വത്തിക്കാൻ കൗൺസിൽ ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഏഴ് സന്ദർഭങ്ങളിലെങ്കിലും ഈ ശീർഷകം ഉപയോഗിച്ചതായി രേഖ ചൂണ്ടിക്കാണിക്കുന്നു.

സഹരക്ഷക എന്ന ശീർഷകത്തിന്റെ കൃത്യമായ അർത്ഥം വ്യക്തമല്ല, അതിൽ അടങ്ങിയിരിക്കുന്ന സിദ്ധാന്തം പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ളതല്ല. ശീർഷകങ്ങളിൽ പ്രകടിപ്പിച്ച ഉപദേശം തിരുവെഴുത്തുകളിലും അപ്പസ്തോലിക പാരമ്പര്യത്തിലും എങ്ങനെ ഉണ്ടെന്ന് വ്യക്തമല്ലായെന്നു 1996ൽ വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ (പിന്നീട് മാര്‍പാപ്പയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പ) പരാമർശിച്ചിട്ടുണ്ട്. സഹരക്ഷക എന്ന ശീർഷകം ഉപയോഗിക്കുന്നതിനെതിരെ, ഫ്രാൻസിസ് പാപ്പായും മൂന്നു പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ശീർഷകം ക്രിസ്തുവിന്റെ ഏക രക്ഷാധികാര മധ്യസ്ഥതയെ അവ്യക്തമാക്കാൻ സാധ്യതയുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »