News
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡോമ്നിക്കന്‍ സഭയില്‍ ചേര്‍ന്ന് കത്തോലിക്ക വൈദികനാകാന്‍ തീരുമാനിച്ചു
സ്വന്തം ലേഖകന്‍ 18-09-2016 - Sunday
ഡബ്ലിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്റിന്റെയും ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡോമ്നിക്കന്‍ സഭയില്‍ വൈദികനാകുവാന്‍ തീരുമാനിച്ചു. ഇതിനായുള്ള പരിശീലനം അദ്ദേഹം സെപ്റ്റംബര്‍ 11-ാം തീയതി ഞായറാഴ്ച മുതല്‍ ആരംഭിച്ചു. 38-കാരനായ ഫിലിപ്പ് മുള്‍റൈന്‍ തന്റെ 31-ാം വയസിലാണ് ബൂട്ട് അഴിച്ചത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ശേഷം അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. 2009-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഐറിഷ് കോളജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ഫിലിപ്പ് മുള്‍റൈന്‍.
1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദവും, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം മുള്‍റൈന്റെ ജീവിതത്തിലെ ചില വീഴ്ചകളായിരിന്നു. പിന്നീട് ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്.
പട്ടം സ്വീകരിച്ച ശേഷം തന്റെ തീരുമാനത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമെന്നു ഫിലിപ്പ് നേരത്തെ പ്രതികരിച്ചിരുന്നു. വൈദികനാകുവാനുള്ള പരിശീലനത്തിന് താന്‍ ഡോമ്നിക്കന്‍ സഭയില്‍ അംഗമായി ചേരുകയാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും മാത്രമാണ് ഫിലിപ്പ് പ്രതികരിച്ചിരിക്കുന്നത്. നാലു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദൈവശാസ്ത്ര പഠനമാണ് തിരുപട്ടം സ്വീകരിക്കുന്നതിനു മുമ്പ് ഫിലിപ്പ് മുള്‍റൈന്‍ ഇനി പൂര്‍ത്തിയാക്കേണ്ടത്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിനു വൈദിക പരിശീലനത്തിന്റെ മറ്റെല്ലാ പാഠങ്ങളും പകര്‍ന്നു നല്‍കപ്പെടും.
ദീര്‍ഘ നാളത്തെ ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തെ അറിയിക്കുന്നതിനായി ഒരു വൈദികനായി സേവനം ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് ഫിലിപ്പ് മുള്‍റൈന്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും സുഹൃത്തുക്കളും ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പിന്റെ പുതിയ തീരുമാനത്തില്‍ തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക