News - 2026

നിഖ്യായില്‍ ലെയോ പാപ്പയോടൊപ്പം വിവിധ സഭാതലവന്മാരുടെ പ്രാര്‍ത്ഥന

പ്രവാചകശബ്ദം 29-11-2025 - Saturday

ഇസ്നിക് (തുർക്കി): നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം പ്രമാണിച്ചു വടക്കൻ തുർക്കിയിലെ ബർസ പ്രവിശ്യയിൽപ്പെട്ട ഇസ്നികിൽ (മുന്‍പ് നിഖ്യാ) എക്യുമെനിക്കൽ പ്രാർത്ഥനയിൽ പങ്കുചേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇസ്‌നിക് തടാക തീരത്തെ അതിപുരാതനമായ വിശുദ്ധ നിയോഫൈറ്റോസ് ബസിലിക്കയുടെ അവശിഷ്‌ടങ്ങൾക്കു സമീപം സജ്ജമാക്കിയ വേദിയിലായിരുന്നു ചരിത്രപരമായ പ്രാർത്ഥന.

കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ഉൾപ്പെടെ വിവിധ ക്രിസ്‌ത്യൻ സഭകളിൽ നിന്നുള്ള ഇരുപതോളം നേതാക്കള്‍ മാർപാപ്പയ്ക്കെ‌ാപ്പം വിശ്വാസ പ്രഖ്യാപനം നടത്തി. വിഭാഗീയതയുടെ വിവാദത്തെ മറികടക്കാൻ നാമെല്ലാവരും വിളക്കപ്പെട്ടിരിക്കുകയാണെന്നും കർത്താവായ യേശു പ്രാർത്ഥിക്കുകയും ജീവൻ നൽകുകയും ചെയ്ത ഐക്യത്തിനായുള്ള ആഗ്രഹം വളർത്തിയെടുക്കാൻ ക്രൈസ്തവരെ ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു.



നേരത്തെ ഇസ്‌താംബൂളിൽനിന്ന് അര മണിക്കൂർ നീണ്ട ഹെലികോപ്റ്റർ യാത്രയ്ക്കൊടുവിലാണ് മാർപാപ്പയും സംഘവും ഇസ്‌നിക്കിലെത്തിയത്. പ്രാർത്ഥനയ്ക്കുശേഷം ഇസ്‌താംബൂളിലേക്കു മടങ്ങി. ഇന്നലെ രാവിലെ ഇസ്‌താംബൂളിലെ ഹോളി സ്‌പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയ മാർപാപ്പ അവർക്കൊപ്പം പ്രാർത്ഥനയിലും പങ്കെടുത്തു. തുടർന്ന് ലിറ്റിൽ സിസ്റ്റേഴ്സ‌് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിൻ്റെ നഴ്‌സിംഗ് ഹോം സന്ദർശിച്ച് സന്യാസിനിമാരുമായി കൂടിക്കാഴ്ച നടത്തി. പാപ്പയുടെ തുര്‍ക്കിയിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന് നാളെ സമാപനമാകും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »