News

ക്രിസ്തുമസിന് വത്തിക്കാന്‍ തയ്യാര്‍; സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ പുല്‍ക്കൂടും ട്രീയും അനാശ്ചാദനം ചെയ്തു

പ്രവാചകശബ്ദം 16-12-2025 - Tuesday

വത്തിക്കാന്‍ സിറ്റി: ആയിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും അനാശ്ചാദനം ചെയ്തു. ഇന്നലെ ഡിസംബര്‍ 15 തിങ്കളാഴ്ച വത്തിക്കാൻ സ്റ്റേറ്റ് ഗവർണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റർ റാഫേല പെട്രിനിയും ക്രിസ്തുമസിന് ട്രീയും പുല്‍ക്കൂടും ഒരുക്കി നല്കിയ പ്രതിനിധികളും വിവിധ ഇറ്റാലിയന്‍ രൂപതകളില്‍ നിന്നുള്ള വിശ്വാസികളും പങ്കെടുത്ത ചടങ്ങിലാണ് ട്രീയും പുല്‍ക്കൂടും പ്രകാശിപ്പിച്ചത്. സിസ്റ്റർ റാഫേല പെട്രിനിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

തിരുപിറവി രംഗവും ക്രിസ്തുമസ് ട്രീയും വെറും ക്രിസ്തുമസ് അലങ്കാരങ്ങൾ മാത്രമല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളമാണെന്നും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാർവത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണങ്ങളുമാണെന്നും സിസ്റ്റർ റാഫേല പെട്രിനി പറഞ്ഞു. ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽ നിന്നുകൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് ക്രിസ്തുമസ് ട്രീയായി ഉപയോഗിച്ചത്. നയനമനോഹരമായ അലങ്കാരങ്ങളോടെ ട്രീ പ്രകാശിപ്പിച്ചു.

ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തിൻറെ തനിമ തെളിഞ്ഞു നില്ക്കുന്ന വിധത്തിലാണ് തിരുപ്പിറവിയുടെ കലാവിഷ്കാരം. വടക്കൻ ഇറ്റലിയിലെ ബോൾസാനോ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് ഇവോ മ്യൂസറും ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽമാരായ ആർച്ച് ബിഷപ്പ് എമിലിയോ നാപ്പയും ബിഷപ്പ് ഗ്യൂസെപ്പെ പുഗ്ലിസി-അലിബ്രാണ്ടിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 2026 ജനുവരി 11 ഞായറാഴ്ച നടക്കുന്ന കർത്താവിന്റെ ജ്ഞാനസ്നാന തിരുനാളിന്റെ സമാപനം വരെ പുല്‍ക്കൂടും ട്രീയും വത്തിക്കാന്‍ ചത്വരത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »