India - 2026
പ്രശാന്തച്ചന് ഇന്ന് യാത്രാമൊഴി
പ്രവാചകശബ്ദം 23-12-2025 - Tuesday
ആലപ്പുഴ: പ്രശസ്‌ത വചനപ്രഘോഷകനും പുന്നപ്ര ഐഎംഎസ് ധ്യാനഭവൻ ഡയറക്ടറുമായ പ്രശാന്തച്ചനു ഇന്ന് യാത്രാമൊഴി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുന്നപ്ര ഐഎംഎസ് ധ്യാനഭവനിൽ നടക്കും. ഇന്നലെ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോള്‍ ആയിരങ്ങളെ ചേര്‍ത്തുപിടിച്ചും സത്യദൈവത്തിലേക്കും അടുപ്പിച്ച പ്രശാന്തച്ചനെ അവസാനമായി ഒരു നോക്കുകാണാന്‍ അനേകരാണ് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയത്. പ്രശാന്തച്ചൻ വിട പറയുമ്പോൾ ഹൃദയം വിങ്ങുന്നത് ദുഃഖവും ദുരിതവും നിറഞ്ഞ ജീവിതത്തിൽ നിന്ന് ആശ്വാസത്തിന്റെ തീരം തേടി എത്തിയ ലക്ഷക്കണക്കിന് ആളുകൾക്കാണ്.
അഞ്ചു മുറിയുമായി തുടങ്ങുന്ന ധ്യാനഭവൻ 177 മുറികളും 600 പേർക്ക് ഒരേസമയം ധ്യാനിക്കാൻ സാധിക്കുന്ന ധ്യാന ഹാളുകളും ഒക്കെയായി മാറിയതിനു പിന്നിൽ പ്രശാന്തച്ചന്‍റെ ത്യാഗവും പ്രാര്‍ത്ഥനയുമായിരിന്നു. ഉരുകുന്ന മനസുമായി ധ്യാനഭവനിലെത്തി മനസമാധാനത്തോടെ മടങ്ങാൻ ഐഎംഎസിലേക്ക് ആളൊഴുകുമ്പോഴും ചെരുപ്പില്ലാതെ നടക്കുന്ന, താഴെക്കിടന്നുറങ്ങുന്ന പ്രശാന്തച്ചൻ്റെ ലാളിത്യം അനേകരെ ആകർഷിച്ചിരുന്നു. കമ്യൂണിസ്‌റ്റ് വിപ്ലവത്തിൻ്റെ വളക്കുറുള്ള പുന്നപ്രയുടെ കടൽത്തീര ഗ്രാമത്തിൽ പ്രശാന്തച്ചൻ സ്നേഹത്തിന്റെ വലിയ അധ്യായം രചിച്ചിട്ടാണ് മടങ്ങുന്നതെന്നതും ശ്രദ്ധേയം.
പ്രശാന്തച്ചന്‍റെ ആത്മശാന്തിക്ക് വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം.

















