News - 2024

ജസ്യൂട്ട് സഭയുടെ പൊതു കോണ്‍ഗ്രിഗേഷന്‍ യോഗം ഒക്ടോബര്‍ രണ്ടു മുതല്‍; പുതിയ സുപ്പീരിയര്‍ ജനറലിനെ യോഗം തിരഞ്ഞെടുക്കുവാന്‍ സാധ്യത

സ്വന്തം ലേഖകന്‍ 20-09-2016 - Tuesday

വത്തിക്കാന്‍: ജസ്യൂട്ട് വൈദികരുടെ പൊതു കോണ്‍ഗ്രിഗേഷന്‍ യോഗം ഒക്ടോബര്‍ മാസം രണ്ടാം തീയതി റോമില്‍ ചേരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജസ്യൂട്ട് സന്യസ്ഥ സമൂഹത്തിലെ തെരഞ്ഞെടുക്കപ്പെട്ട 215 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. അതേ സമയം ജസ്യൂട്ട് സഭയുടെ ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായിരിക്കുന്ന ഫാദര്‍ അഡോള്‍ഫ് നിക്കോളാസ് വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു രാജി സമര്‍പ്പിക്കും. റോമില്‍ ചേരുന്ന കോണ്‍ഗ്രിഗേഷന്റെ യോഗം രാജി ക്കാര്യത്തില്‍ തീരുമാനമെടുക്കും.

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ കബറിടത്തില്‍, വിശുദ്ധ ബലി അര്‍പ്പിച്ചുകൊണ്ടായിരിക്കും ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗം ആരംഭിക്കുക. ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ ജസ്യൂട്ട് സഭാംഗമാണ്. പരിശുദ്ധ പിതാവ് അസര്‍ബൈജാനില്‍ സന്ദര്‍ശനം നടത്തുന്ന സമയത്താണ് യോഗം നടക്കുന്നത്. യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുമെന്നാണ് കരുതപ്പെടുന്നത്. 1975,1983 വര്‍ഷങ്ങളില്‍ ജസ്യൂട്ട് സഭയുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തിട്ടുണ്ട്.

യോഗം ആരംഭിക്കുന്നത് ഒക്ടോബര്‍ രണ്ടാം തീയതിയാണെങ്കിലും സമാപന തീയതി ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഒക്ടോബര്‍ മൂന്നാം തീയതി ജസ്യൂട്ട് സഭയെ സംബന്ധിക്കുന്ന പൊതു റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. ഇതിനു ശേഷം ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലായിരിക്കുന്ന ഫാദര്‍ അഡോള്‍ഫ് നിക്കോളാസിന്റെ രാജികത്ത് പ്രതിനിധികളുടെ മുന്നില്‍ വയ്ക്കും. രാജി കാര്യത്തില്‍ പ്രതിനിധികളാണ് തീരുമാനം കൈക്കൊള്ളുക. രാജി സ്വീകരിക്കുവാനും, തള്ളിക്കളയുവാനും പ്രതിനിധി സഭയ്ക്ക് അധികാരമുണ്ട്.

2014-ല്‍ ആണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസിനെ സുപ്പീരിയര്‍ ജനറലായി ജസ്യൂട്ട് പ്രതിനിധി സംഘം തെരഞ്ഞെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തിന് 80 വയസ് പൂര്‍ത്തിയായിരുന്നു. എട്ടു വര്‍ഷമായി ജസ്യൂട്ട് സഭയുടെ പ്രധാനപ്പെട്ട പല ചുമതലകളും നിര്‍വഹിച്ചു വന്ന വ്യക്തിയാണ് ഫാദര്‍ അഡോള്‍ഫ് നിക്കോളാസ്.

ജസ്യൂട്ട് പ്രസിദ്ധീകരണമായ 'ലാ സിവില്‍റ്റ കത്തോലിക്ക' എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രാജിസമര്‍പ്പിക്കുമെന്ന കാര്യം ഫാദര്‍ അഡോള്‍ഫ് നിക്കോളസ് വ്യക്തമാക്കിയത്. "പുതിയ കാലഘട്ടത്തിന് അനുസരിച്ച് കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നവരെയാണ് സഭയ്ക്ക് ആവശ്യം. എന്റെ രാജി സ്വീകരിച്ച് പുതിയ സുപ്പീരിയര്‍ ജനറലിനെ സഭ കണ്ടെത്തുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. വരും കാലങ്ങളില്‍ സുവിശേഷത്തെ ശക്തിയോടെ വഹിച്ച് എല്ലാവരിലേക്കും എത്തിക്കുന്നതിനു ജസ്യൂട്ട് സഭാംഗങ്ങള്‍ക്ക് കൂടുതലായി സാധിക്കട്ടെ". ഫാദര്‍ അഡോള്‍ഫ് നിക്കോളാസ് പറഞ്ഞു.

16,376 അംഗങ്ങളാണ് ജസ്യൂട്ട് സഭയില്‍ ഉള്ളത്. ഇതില്‍ 11,785 വൈദികരും, 1192 ബ്രദറുമാരും, 2681 ഗവേഷക പണ്ഡിതരും, 718 പുതിയ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കത്തോലിക്ക സഭയില്‍ പുരുഷന്‍മാരുടെ ഏറ്റവും വലിയ കോണ്‍ഗ്രിഗേഷനാണ് ജസ്യൂട്ട് സഭ.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക