News - 2026

ആഗോള ദൈവകാരുണ്യ കോണ്‍ഗ്രസ് ജൂൺ 7 മുതൽ ലിത്വാനിയയില്‍

പ്രവാചകശബ്ദം 27-01-2026 - Tuesday

വിൽനിയസ്: ആഗോള ദൈവകരുണയുടെ കോണ്‍ഗ്രസിന് (WACOM 6) ആതിഥേയത്വം വഹിക്കാൻ ലിത്വാനിയയിലെ വിൽനിയസ് തയ്യാറെടുക്കുന്നു. ജൂൺ 7 മുതൽ 12 വരെയാണ് ആറാമത്തെ ദൈവകരുണയുടെ കോണ്‍ഗ്രസ് നടക്കുക. വിൽനിയസ് അതിരൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ, ദൈവകരുണയെ കേന്ദ്രീകരിച്ചുള്ള ഒരു ആഴ്ചത്തെ പ്രാർത്ഥന, ധ്യാന വിചിന്തനം, ഭാവി പദ്ധതികള്‍ക്കായുള്ള ആസൂത്രണം എന്നിവ നടക്കും. ലോകമെമ്പാടു നിന്നുമുള്ള മെത്രാന്മാരും വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കും.

യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസ് കൗൺസിൽ പ്രസിഡന്‍റും വിൽനിയസ് അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ജിന്റാറസ് ഗ്രുഷാസ് സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ഭിന്നത, സംഘർഷം എന്നിവ നേരിടുന്ന ലോകത്ത് ദൈവകരുണയോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമായി ഈ പരിപാടിയെ നോക്കികാണുകയാണെന്നും അനുരഞ്ജനം, സമാധാനം, ഐക്യം എന്നിവയ്ക്കുള്ള ഒരു ശക്തിയായി ദൈവകരുണ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് വർഷത്തിലൊരിക്കൽ വ്യത്യസ്ത രാജ്യങ്ങളിലാണ് ദൈവകരുണയുടെ അപ്പസ്തോലിക കോൺഗ്രസ് നടക്കുന്നത്. വിശുദ്ധ ഫൗസ്റ്റീന കോവാൽസ്കയുടെ ആത്മീയതയിൽ വേരൂന്നിയ ദൈവകരുണയുടെ ഭക്തിയും അതിനു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നല്‍കിയ പിന്തുണയും എല്ലാ കോണ്‍ഗ്രസിലും അനുസ്മരിക്കാറുണ്ട്. എല്ലാ ജനങ്ങളോടുമുള്ള ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹം പ്രഘോഷിക്കാന്‍ കൂടിയാണ് ദൈവകരുണയുടെ കോണ്‍ഗ്രസ് നടത്തുന്നത്. റോം, ക്രാക്കോവ്, ബൊഗോട്ട, മനില, അപിയ എന്നീ വിവിധ സ്ഥലങ്ങളില്‍ ദൈവകരുണയുടെ കോണ്‍ഗ്രസ് ഇതിനു മുന്‍പ് നടന്നിട്ടുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍






Related Articles »