India - 2026
മാർ ഗ്രിഗറി കരോട്ടമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷ്ണറി: മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 21-07-2026 - Tuesday
കാക്കനാട് : രാജ്‌കോട്ട് രൂപതയുടെ കാലം ചെയ്‌ത മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷ്ണറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ തട്ടിൽ. പാലാ രൂപതയിലെ ചെമ്മലമറ്റത്തു ജനിച്ച ഗ്രിഗറി പിതാവ് തൻ്റെ വിശ്വാസത്തിന്റെ തനിമയും പാരമ്പര്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഒരു മിഷ്ണറി മെത്രാനായിരുന്നുവെന്ന് മേജർ ആർച്ചുബിഷപ്പ് അനുസ്‌മരിച്ചു.
സഭയുടെ അപ്പസ്തോലിക പാരമ്പര്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച അദ്ദേഹം, സീറോ മലബാർ പ്രവാസികളുടെ ആത്മീയ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിച്ചു. സീറോമലബാർ സഭയ്ക്ക് സ്വന്തം പ്രദേശത്തിന് വെളിയിൽ അജപാലന ശുശ്രൂഷാഘടനയും രൂപതകളും രൂപീകരിക്കുന്നതിൽ പരിശുദ്ധ സിംഹാസനത്തിനും സിനഡിനും വലിയ സഹായം നൽകാൻ പിതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസരിച്ചു.
ശക്തമായ നേത്യപാടവവും, അതുല്യമായ ഭരണനേതൃത്വവും, അഗാധമായ അറിവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ഗ്രിഗറി പിതാവിൻ്റേത്. മികച്ചൊരു വാഗ്മിയും എഴുത്തുകാരനുമായിരുന്ന അദ്ദേഹം, സിനഡുകളിലെ സജീവ ഇടപെടലുകളിലൂടെ സിനഡാത്മകതയെ ഏറെ ശക്തിപ്പെടുത്തി.
ദളിദ് വികാസ് സൊസൈറ്റി സ്ഥാപിച്ചുകൊണ്ട് ദളിത് ക്രൈസ്‌തവരുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്നതിലൂടെയും സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷന്റെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെയും ഗ്രിഗറി പിതാവ് സഭയുടെ പ്രേഷിത പ്രവർത്തനരംഗത്തിനു പുതിയ ദിശാബോധം നൽകിയിട്ടുണ്ടെന്നും മേജർ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. ഗ്രിഗറി പിതാവിന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന രാജ്‌കോട്ട് രൂപതാംഗങ്ങളെ സഭയുടെ അനുശോചനം അറിയിക്കുന്നതായും പിതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും മേജർ ആർച്ചുബിഷപ്പ് അറിയിച്ചു.

















