News - 2026

ഭൂകമ്പബാധിതരായ കൊളംബിയൻ ജനതയ്ക്ക് പ്രാര്‍ത്ഥന അറിയിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 12-08-2026 - Wednesday

ബൊഗോട്ട: കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ വേദന അനുഭവിക്കുന്ന കൊളംബിയൻ ജനതയ്ക്ക് തന്റെ പ്രാർത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ. കത്തോലിക്ക സഭയുടെ വിവിധ രൂപതകളും, കാരിത്താസ് സംഘടനയും, ഏതു ആവശ്യങ്ങൾക്കുമായി മുൻനിരയിൽ നിലകൊള്ളുന്നുണ്ട്. പാപ്പയുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി കൊളംബിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫ്രാൻസിസ്കോ ഹവിയർ മുന്നേറ കൊറെയയ്ക്കാണ് അയച്ചത്.

മരണമടഞ്ഞവരുടെ നിത്യവിശ്രമത്തിനായും, ദുരിതമനുഭവിക്കുന്നവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായും, പാപ്പ കർത്താവിനോട് പ്രാർത്ഥിക്കുന്നുവെന്നു സന്ദേശത്തിൽ എടുത്തു പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ ദുഃഖിക്കുന്ന ബന്ധുക്കൾക്ക് പാപ്പ അനുശോചനവും അറിയിച്ചു. എല്ലാവർക്കും തന്റെ ആത്മീയ സാമീപ്യം ഉറപ്പുനൽകുകയും, വിഷമസന്ധിയിൽ വിവിധ സേവനങ്ങളിൽ അർപ്പണബോധത്തോടെ ഏർപ്പെട്ടിരിക്കുന്നവർക്ക് പാപ്പ നന്ദി അറിയിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ സഹായം തേടിക്കൊണ്ടാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്.

അതേസമയം കൊളംബിയയിലെ ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു ജീവനെങ്കിലും രക്ഷിക്കാനായി രക്ഷാപ്രവർത്തകർ പരിശ്രമിക്കുകയാണ്. കുറഞ്ഞത് 250 പേരെങ്കിലും മരിച്ചതായി കണക്കാക്കപ്പെടുന്ന ദുരന്തത്തിൽ 2,700ലധികം പേരെ കാണാനില്ലെന്നാണ് വിവരം. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാജ്യത്തെ നടുക്കിയ ഭൂകമ്പമുണ്ടായത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »