India - 2026

പുണ്യദിനങ്ങളിലെ പരീക്ഷകൾ മാറ്റിവയ്ക്കണം: കെസിബിസി

പ്രവാചകശബ്ദം 24-03-2026 - Tuesday

കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്‌ചയും ഈസ്റ്റർ ഞായറാഴ്‌ചയും അഖിലേന്ത്യാ എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷകൾ നടത്തുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി. ക്രൈസ്‌തവർ വിശുദ്ധമായി ആചരിക്കുന്ന തിരുനാൾ ദിനങ്ങളിൽ മത്സരപരീക്ഷകൾ നടത്തുന്നത് ക്രിസ്‌തീയ യുവജനങ്ങൾക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കുവാൻ ഇന്ത്യൻ ഭരണഘടന നല്‌കുന്ന മൗലീകാവകാശത്തിൻ്റെ ലംഘനമാണെന്ന് കെസിബിസി നിരീക്ഷിച്ചു.

പലപ്പോഴും ആവർത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്‌ത ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്യത്തിന്മേലുള്ള അന്യായമായ കടന്നുകയറ്റമാണ്. ആയതിനാൽ ഈ വർഷത്തെ പെസഹാ വ്യാഴാഴ്‌ചയും, ഈസ്റ്റർ ഞായറാഴ്ചയും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന മത്സപരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് സാമുവേൽ മാർ ഐറേനിയോസ്, സെക്രട്ടറി ജനറൽ ആര്‍ച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് കേന്ദ്രസർക്കാരിനും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി അധികാരികൾക്കും കത്തയക്കുമെന്നും കെസിബിസി വക്താവ് ഫാ. തോമസ് തറയിൽ അറിയിച്ചു.