News

സിനിമ ഷൂട്ടിങ്ങ് നിര്‍ത്തിവച്ച് ഹോളിവുഡ് നായകൻ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു

സ്വന്തം ലേഖകന്‍ 25-09-2016 - Sunday

സീഹൌസ്: തന്റെ ആഴമായ കത്തോലിക്ക വിശ്വാസം പ്രകടമാക്കിയ ലോക പ്രശസ്ത ഹോളിവുഡ് നടന്‍ മാർക്ക് വാൽബെർഗ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സയന്റിഫിക് ഫിക്ഷൻ ത്രീഡി മൂവിയായ 'ട്രാന്‍സ്ഫോമെര്‍സ്: ദ ലാസ്റ്റ് നൈറ്റ്' എന്ന സിനിമയുടെ ചിത്രീകരണ മദ്ധ്യേ ഷൂട്ടിംഗ് നിര്‍ത്തി ദിവ്യബലിയില്‍ പങ്കെടുക്കാന്‍ പോയതാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. വടക്കേ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ ഷൂട്ടിംഗ് നടക്കുമ്പോഴാണ് അദ്ദേഹം സീഹൌസിലെ വിശുദ്ധ എയിഡാൻസ് ദേവാലയത്തിൽ ഷൂട്ടിംങ്ങ് തിരക്കുകള്‍ മാറ്റി വെച്ച് ഞായറാഴ്ച ദിവ്യബലിയിൽ സംബന്ധിക്കാൻ എത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ കനത്ത കാവലില്‍ ദേവാലയത്തിൽ എത്തിയ മാർക്ക് വാൽബെർഗ്, വിശുദ്ധ ബലിയില്‍ സംബന്ധിക്കുകയും 200 പൌണ്ട് ഇടവകയ്ക്കു സമ്മാനിക്കുകയും ചെയ്തതിനു ശേഷമാണ് മടങ്ങിയത്. വിശുദ്ധ ബലിക്കായി 80 ല്‍ പരം വിശ്വാസികള്‍ അവിടെ എത്തിയിരിന്നു. ദേവാലയത്തില്‍ എത്തിയ ഹോളിവുഡ് താരത്തെ ഇടവക വികാരിയായ ഫാ. ഡേസ് മാക് ഗവേണ്‍ തിരിച്ചറിഞ്ഞിരിന്നില്ല.

ദിവ്യബലിക്കെത്തിയ ഇടവക ജനങ്ങൾ പറഞ്ഞപ്പോഴാണ് വൈദികന് മാർക്കിനെ തിരിച്ചറിയാന്‍ കഴിഞ്ഞത്. നേരത്തെ കാത്തലിക് ഹെറാള്‍ഡിനനുവദിച്ച അഭിമുഖത്തില്‍ തന്റെ കത്തോലിക്ക വിശ്വാസത്തെ പറ്റി മാർക്ക് വാൽബെർഗ് തുറന്നു പറഞ്ഞിരിന്നു.

"നിത്യേന വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എനിക്ക് സാധിക്കുന്നില്ലെങ്കില്‍ കൂടി എല്ലാ ദിവസവും ഞാന്‍ ദേവാലയം സന്ദര്‍ശിക്കാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. ജീവിതത്തിലെ ഓരോ ദിവസവും ദൈവ സന്നിധിയില്‍ നിന്ന്‍ ആരംഭിക്കണമെന്നതാണ് എന്റെ ആഗ്രഹം. ജീവിതത്തിലെ പാപത്തിന്റേതായ യൗവ്വനത്തിൽ നിന്ന്‌ ഉത്തരവാദിത്വുള്ള ഒരു പിതാവിലേക്ക് എന്നെ രൂപപ്പെടുത്തിയത് എന്റെ കത്തോലിക്കാ വിശ്വാസമാണ്".

തന്റെ വിശ്വാസത്തെ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന്‍ പ്രകടിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാതെ നിലകൊണ്ട മാർക്ക് വാൽബെർഗിന്റെ ഈ വാക്കുകള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കു വഴി തെളിയിച്ചിരിന്നു.


Related Articles »