News

ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്ത്രീക്ക് 10 വര്‍ഷത്തെ തടവ് ശിക്ഷ

പ്രവാചകശബ്ദം 27-05-2026 - Wednesday

ടെഹ്റാന്‍: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച സ്ത്രീക്ക് പത്തു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് ടെഹ്‌റാനിലെ ഇസ്ലാമിക് റെവല്യൂഷണറി കോടതി. 41 വയസ്സുള്ള ഗസൽ മാർസ്ബാനാണ് ഒമ്പത് വർഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയായ എച്ച്‌ആര്‍‌എ‌എന്‍‌എ (HRANA) റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക് റെവല്യൂഷണറി കോടതി ബ്രാഞ്ച് 26 ലെ ഇമാൻ അഫ്ഷാരിയെന്ന ജഡ്ജിയാണ് കത്തോലിക്ക വിശ്വാസിയായ ഗസലിന് ശിക്ഷ വിധിച്ചത്.

ഇസ്ലാമിനെതിരെ പ്രചരണം നടത്തിയെന്ന ആരോപണം അധികൃതർ മാർസ്ബാനെതിരെ ചുമത്തിയിരിന്നു. 2024 നവംബർ 5ന് ഇറാനിയൻ അധികൃതർ മാർസ്ബാനെ അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്തിരിന്നുവെന്ന് എച്ച്‌ആര്‍‌എ‌എന്‍‌എ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇസ്ലാമിക ഭരണകൂട വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് അധികൃതർ അന്നു മർസ്ബാനെ അറസ്റ്റ് ചെയ്തത്. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതിനും അധികാരികള്‍ അവര്‍ക്കെതിരെ കുറ്റാരോപണം നടത്തി.

ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് നേരിടേണ്ടി വന്ന പീഡനങ്ങൾക്ക് മറുപടിയായാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതെന്നു ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഏജൻസിയായ ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 15ന് അധികൃതർ മാർസ്ബനെ വീണ്ടും അറസ്റ്റ് ചെയ്തു. അറസ്റ്റിനിടെ അവരുടെ കൈവശമുണ്ടായിരുന്ന ബൈബിളും ക്രിസ്ത്യൻ പുസ്തകങ്ങളും അവർ പിടിച്ചെടുത്തു.

92 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഇറാനിൽ, ഏകദേശം 800,000 ക്രിസ്ത്യാനികൾ മാത്രമാണുള്ളത്. രാജ്യത്തെ മനുഷ്യാവകാശത്തിന് വേണ്ടി സ്വരമുയര്‍ത്തുന്ന ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരെ കൃത്യമായി ലക്ഷ്യംവെച്ചാണ് ഭരണകൂട വേട്ടയാടല്‍ തുടരുന്നത്. അതേസമയം ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള പീഡനം ശക്തമാകുമ്പോഴും രഹസ്യമായി അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »