News - 2024

ബോസ്റ്റണില്‍ വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ എത്തിചേര്‍ന്നത് ആയിരക്കണക്കിനു വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 28-09-2016 - Wednesday

ബോസ്റ്റണ്‍: യുഎസിലെ ബോസ്റ്റണില്‍ എത്തിച്ച വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് വണങ്ങുവാന്‍ വിവിധ ദേവാലയങ്ങളില്‍ എത്തിയത് ആയിരക്കണക്കിനു വിശ്വാസികള്‍. വിശുദ്ധന്റെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ച് ബോസ്റ്റണിലെ കപ്പൂച്ചിന്‍ വൈദികരാണ് തിരുശേഷിപ്പ് ഇവിടേയ്ക്കു എത്തിച്ചത്. ഇക്കഴിഞ്ഞ 21 മുതല്‍ 23 വരെയുള്ള തീയതികളിലായിരുന്നു വിശുദ്ധന്റെ ഹൃദയത്തിന്റെ തിരുശേഷിപ്പ് ബോസ്റ്റണിലെ വിവിധ ദേവാലങ്ങളില്‍ വണക്കത്തിനായി പ്രതിഷ്ഠിച്ചത്. ഇതാദ്യമായിട്ടാണ് ഇറ്റലിയില്‍ നിന്നും വിശുദ്ധന്റെ തിരുശേഷിപ്പ് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത്.

പരിശുദ്ധ അമ്മയുടെ ദേവാലയത്തിലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കത്തിനായി ആദ്യം പ്രതിഷ്ഠിച്ചത്. ബോസ്റ്റണില്‍ എത്തിച്ച വിശുദ്ധന്റെ തിരുശേഷിപ്പിനെ വണങ്ങുവാന്‍ ആദ്യ അവസരം ലഭിച്ചത് ദലീല പട്രീസി എന്ന വനിതയ്ക്കാണ്. തന്റെ മകനേയും കൂട്ടി അതിരാവിലെ തന്നെ ദേവാലയത്തില്‍ എത്തിയതിനാലാണ് തനിക്ക് ഇത്തരം ഒരു ഭാഗ്യം ലഭിച്ചതെന്ന് അവര്‍ ബോസ്റ്റണ്‍ രൂപതയുടെ പത്രമായ 'ദ പൈലറ്റിനോട്' പ്രതികരിച്ചു. രാവിലെ മുതല്‍ രാത്രി വരെ ദേവാലയത്തില്‍ തന്നെ പ്രാര്‍ത്ഥനയോടെ ഇരിക്കുവാന്‍ കഴിഞ്ഞത് പുതിയ അനുഭവമാണെന്നും ദലീല പറഞ്ഞു. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ വന്ന പ്രശസ്തരും സാധാരണക്കാരുമായ നിരവധി പേര്‍ വിശുദ്ധനെ കുറിച്ചുള്ള തങ്ങളുടെ അനുഭവം 'ദ പൈലറ്റ്' പത്രത്തോട് പങ്കുവച്ചു.

1956-ല്‍ ഇറ്റലിയില്‍ നിന്നും യുഎസിലേക്ക് കുടിയേറിയ വിര്‍ജീനിയ ഫിര്‍റോയ്ക്ക് വിശുദ്ധനെ നേരില്‍ കാണുവാനും സംസാരിക്കുവാനുമുള്ള അവസരം, അവരുടെ 14-ാം വയസില്‍ ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ യുഎസില്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് അവര്‍ പ്രതികരിച്ചു. "ഇവിടെ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്റെ പ്രതിമക്കു സമാനമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ രൂപവും. അദ്ദേഹത്തെ കാണുവാന്‍ എല്ലാവരും തിക്കും തിരക്കും കൂട്ടും. എല്ലാവരേയും കണ്ട് സംസാരിച്ച ശേഷമേ വിശുദ്ധന്‍ കടന്നു പോയിരുന്നുള്ളു". വിര്‍ജീനിയ ഫിര്‍റോ പറഞ്ഞു.

ഹോളിക്രോസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണക്കത്തിനു വെച്ചതിന് ശേഷം നടന്ന കുര്‍ബാനയില്‍ ഗാനങ്ങള്‍ ആലപിച്ചത് പ്രശസ്ത അമേരിക്കന്‍ ഡിസ്‌കോ ഗായികയായ അമി സ്റ്റീവാര്‍ട്ട് ആണ്. ഇപ്പോള്‍ ഇറ്റലിയില്‍ താമസിക്കുന്ന അവര്‍ ബോസ്റ്റണിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് യുഎസില്‍ എത്തിചേര്‍ന്നത്.

1887-ല്‍ ആണ് വിശുദ്ധ പാദ്രെ പിയോ ജനിച്ചത്. ഇറ്റലിയിലെ സാന്‍ ജിയോവാനിയില്‍ ജനിച്ചു വളര്‍ന്ന വിശുദ്ധന്‍ കപ്പൂച്ചീന്‍ സഭയിലെ വൈദികനായി തീര്‍ന്നു. വൈദികനായി സേവനം ചെയ്യുന്ന കാലങ്ങളില്‍ തന്നെ, പല അത്ഭുതപ്രവര്‍ത്തികളും വിശുദ്ധന്റെ പ്രാര്‍ത്ഥനയുടെ ഫലമായി നടന്നിട്ടുണ്ട്. ദീര്‍ഘസമയമെടുത്ത് ആളുകളെ കുമ്പസാരിപ്പിക്കുന്നതിലും അതിലൂടെ ജനത്തിന് അവരുടെ പാപങ്ങളെ കുറിച്ച് ബോധ്യം വരുത്തുന്നതിനും വിശുദ്ധ പാദ്രെ പിയോ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1968-ല്‍ ആണ് അദ്ദേഹം അന്തരിച്ചത്. 1999-ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തെ 2002-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »