News
പാവങ്ങളുടെ കണ്ണീരൊപ്പിയ ബ്രസീലിലെ മിഷ്ണറി രക്തസാക്ഷി ഫാ. ലാൻസിയോട്ടി വാഴ്ത്തപ്പെട്ട നിരയില്‍
പ്രവാചകശബ്ദം 15-06-2026 - Monday
സാവോ പോളോ: ബ്രസീലിൽ ദീര്‍ഘകാലം സേവനം ചെയ്തു രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയൻ മിഷ്ണറി വൈദികന്‍ ഫാ. നസറേനോ ലാൻസിയോട്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ജൂൺ 13 ശനിയാഴ്ച ബ്രസീലിലെ മാറ്റോ ഗ്രോസോയിലെ ജൗറുവിൽവെച്ച് നടന്ന ചടങ്ങില്‍ ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധിയും സമര്‍പ്പിതര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ മുന്‍ പ്രിഫെക്റ്റുമായ കർദ്ദിനാൾ ജോവോ ബ്രാസ് ഡി പ്രഖ്യാപനം നടത്തി. ചടങ്ങില്‍ ലെയോ പാപ്പയുടെ സന്ദേശം വായിച്ചു. ദൈവത്തിന്റെ പ്രിയങ്കരനായ ദാസൻ, രക്തസാക്ഷി, സുവിശേഷത്തിന്റെ അക്ഷീണ മിഷ്ണറി, ഫലപ്രദമായ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സ്ഥാപകൻ, മരിയൻ ഭക്തിയുടെ സമർപ്പിതന്‍ എന്നീ വിശേഷണങ്ങളാണ് പാപ്പ, ഫാ. നസറേനോ ലാൻസിയോട്ടിയ്ക്കു നല്‍കിയത്.
1940 മാർച്ച് 3ന് റോമിലാണ് ഫാ. നസറേനോ ലാൻസിയോട്ടിയുടെ ജനനം. 1966-ൽ വൈദികനായി അഭിഷിക്തനായ അദ്ദേഹം പൗരോഹിത്യത്തിന്റെ ആദ്യ കാലയളവില്‍ റോമിലാണ് സേവനമനുഷ്ഠിച്ചത്. 5 വര്‍ഷങ്ങള്‍ക്ക് ശേഷം 1971-ൽ അദ്ദേഹം ഒരു മിഷ്ണറിയായി ബ്രസീലിൽ എത്തിചേര്‍ന്നു. ബൊളീവിയയുടെ അതിർത്തിയിലുള്ള മാറ്റോ ഗ്രോസോയിലെ ജൗറുവിലാണ് അദ്ദേഹം സ്ഥിരതാമസമാക്കിയത്. വിശ്വാസികളെ ഒരുമിച്ച് കൂട്ടിയ അദ്ദേഹം ജൗറുവിൽ ഇടവക സ്ഥാപിച്ചു.
57 ഗ്രാമീണ സഭാ കൂട്ടായ്മകള്‍ രൂപീകരിക്കുകയും ഇവിടങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും നടത്തുവാന്‍ മുന്‍കൈ എടുക്കുകയും ചെയ്തു. ജനത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റിയതിനോടൊപ്പം പ്രാദേശിക സമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇടപെടല്‍ നടത്തി. പ്രായമായവരുടെ ക്ഷേമത്തിനായി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി വസതി നിർമ്മിച്ചു. പ്രദേശത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിന്ന നൂറുകണക്കിന് കുട്ടികൾക്കായി സ്കൂളും അദ്ദേഹം ആരംഭിച്ചു. പഠിക്കാന്‍ വരുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം ഭക്ഷണവും നൽകി. വൈകാതെ മേഖലയില്‍ മൈനർ സെമിനാരിയും അദ്ദേഹം ആരംഭിച്ചു.
1987-ൽ, ഇറ്റാലിയൻ വൈദികനായ ഫാ. സ്റ്റെഫാനോ ഗോബി സ്ഥാപിച്ച മരിയൻ മൂവ്‌മെന്റ് ഓഫ് പ്രീസ്റ്റ്‌സിൽ (MSM) അദ്ദേഹം ചേർന്നു. മാർപാപ്പയോടും സഭയോടും വിശ്വസ്തതയോടെ വിധേയപ്പെട്ട് സുവിശേഷ കേന്ദ്രീകൃതമായ ജീവിതം നയിക്കുക, വൈദികരെയും വിശ്വാസികളെയും ദൈവമാതാവിന്റെ വിമലഹൃദയത്തിലേക്കുള്ള സമർപ്പണത്തിന്റെ പാതയിൽ ഒന്നിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ അദ്ദേഹം ഉറച്ചു നിന്നു. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടും അദ്ദേഹം പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രകള്‍ നടത്തി. ഇതോടൊപ്പം ജൗറുവിൽ, അദ്ദേഹം ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക് വേണ്ടി സ്വയം സമർപ്പിക്കുകയായിരിന്നു. മയക്കുമരുന്ന് കടത്ത്, ലൈംഗിക ചൂഷണം തുടങ്ങിയ വിവിധ തരത്തിലുള്ള അനീതികൾക്കെതിരെ അദ്ദേഹം ശക്തമായി പോരാടി.
2001 ഫെബ്രുവരി 11ന്, ഏതാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം അത്താഴം കഴിക്കുന്നതിനിടെ മുഖംമൂടി ധരിച്ചവര്‍ ഭവനത്തില്‍ അതിക്രമിച്ചു കയറുകയും അദ്ദേഹത്തിന്റെ തലയുടെ പിന്നിൽ വെടിവയ്ക്കുകയുമായിരിന്നു. വിദഗ്ധ ചികിത്സയ്ക്കു വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയെങ്കിലും അതിനെ അതിജീവിക്കാന്‍ അദ്ദേഹത്തിനായില്ല. കൊലയാളികളോട് ക്ഷമിച്ചതിന് ശേഷം 2001 ഫെബ്രുവരി 22ന് ഫാ. നസറെനോ ലാൻസിയോട്ടി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മൃതശരീരം സംസ്ക്കരിച്ചിരിക്കുന്ന ജൗറുവിലെ ഔർ ലേഡി ഓഫ് ദി പില്ലര്‍ പള്ളി ഇന്ന് ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️





















