News - 2026

കത്തോലിക്ക സഭയും യഹൂദമതവും തമ്മിലുള്ള ബന്ധം സമഗ്ര മാനവ വികസനത്തിനുള്ളതാണ്: ലെയോ പാപ്പ

പ്രവാചകശബ്ദം 16-06-2026 - Tuesday

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയും യഹൂദമതവും തമ്മിലുള്ള ബന്ധം സമഗ്ര മാനവ വികസനത്തിനുള്ളതാണെന്നു ലെയോ പാപ്പ. ന്യൂയോർക്കിൽ നിന്നുള്ള സംയുക്ത യഹൂദ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. അമേരിക്ക, ഇസ്രായേൽ തുടങ്ങി എഴുപതിലധികം രാജ്യങ്ങളിൽ ദാരിദ്ര്യത്തിൽ ജീവിക്കുന്നവർ, അഭയാർത്ഥികൾ, പ്രായമായവർ, വൈകല്യമുള്ളവർ തുടങ്ങിയ ദുർബലരായ ജനവിഭാഗങ്ങൾക്ക് സഹായം നൽകുന്ന യുണൈറ്റഡ് ജ്യൂവിഷ് അപ്പീല്‍ പ്രതിനിധി സംഘവുമായാണ് ഇന്നലെ ജൂൺ മാസം പതിനഞ്ചാം തീയതി പാപ്പ കൂടിക്കാഴ്ച നടത്തിയത്.

സംഘടന നൽകുന്ന ജീവകാരുണ്യ സേവനങ്ങൾ, മനുഷ്യന്റെ അന്തസ്സിന്റെയും സാഹോദര്യത്തിന്റെയും വ്യക്തമായ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇത് അയൽക്കാരനെ സ്നേഹിക്കാനുള്ള ആഹ്വാനത്തെ പ്രതിധ്വനിപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. കത്തോലിക്കാ സഭയുടെയും, യഹൂദ മതത്തിന്റെയും, പൊതുവായ ചരിത്രത്തിന്റെ വെളിച്ചത്തിൽ പങ്കാളിത്ത പ്രതിബദ്ധതയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ പാപ്പ, അറുപത്തിയാറു വർഷണങ്ങൾക്ക് മുൻപ് ഇതേ സംഘടനയിൽ നിന്നുള്ള പ്രതിനിധി സംഘത്തെ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ സ്വീകരിച്ചതും അനുസ്മരിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്ത്യൻ ഇതര മതങ്ങളുമായുള്ള സഭയുടെ ബന്ധത്തെക്കുറിച്ചുള്ള രേഖയായ നൊസ്ത്ര അയെത്താത്തെ, നാം ഒരു മനുഷ്യ കുടുംബത്തിൽപ്പെട്ടവരാണെന്ന സത്യം സ്ഥിരീകരിക്കുന്നുവെന്നതും പാപ്പ ചൂണ്ടിക്കാണിച്ചു. വിഭജനത്താലും സംഘർഷത്താലും മുറിവേറ്റ ഒരു ലോകത്ത്, മുൻകാല തെറ്റിദ്ധാരണകൾക്കപ്പുറം പൊതുനന്മയ്ക്കുവേണ്ടിയുള്ള സഹകരണത്തിലേക്ക് നീങ്ങാൻ ഈ രേഖ ഏവരെയും ക്ഷണിക്കുകയാണ്. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അധികാരമില്ലാത്തവരുടെയും സേവനം വിശുദ്ധമായതിനെ നേടുവാനുള്ള ഒരു വഴിയാണെന്നും കൂടിക്കാഴ്ചയ്ക്കിടെ പാപ്പ പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »