News
അസർബൈജാൻ ഭരണ - മത നേതൃത്വവുമായി കർദ്ദിനാൾ ജോർജ് കൂവക്കാട് കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 25-06-2026 - Thursday
ബാകു: മതാന്തര സംവാദങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടും മലയാളിയുമായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് അസർബൈജാൻ സന്ദര്‍ശിച്ച് ഭരണകൂടവുമായും മത നേതൃത്വവുമായും കൂടിക്കാഴ്ച നടത്തി. വിവിധ സമൂഹങ്ങൾക്കിടയിൽ സമാധാനപരവും പരസ്പര ബഹുമാനപൂർണവുമായ സഹവർത്തിത്വം വളർത്തുന്നതിനും സഹിഷ്ണുത പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ഭാഗമായാണ് കർദ്ദിനാൾ ജോർജ് കൂവക്കാട് അസർബൈജാനിലെത്തിയത്. 5 ദിവസം നീണ്ട സന്ദര്‍ശനത്തിനിടെ രാഷ്ട്ര തലവൻ ഇൽഹാം ഓലിയേവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്റെയും, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്റെയും ആശംസകൾ കർദ്ദിനാൾ പ്രസിഡന്‍റിന് കൈമാറി. സമാധാനവും മതാന്തര സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനായി സഹിഷ്ണുതയുടെയും ബഹുസാംസ്കാരികതയുടെയും പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടി ചർച്ച നടന്നു. ബാക്കുവിലെ കോക്കസസ് മേഖലയിലെ ഷെയ്ഖ് ഉൽ-ഇസ്ലാം അല്ലാഹ്ഷുകൂർ പാഷസാദെയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, തനിക്ക് ലഭിച്ച സ്വീകരണത്തിനും പരിശുദ്ധ സിംഹാസനത്തെയും അസർബൈജാനിലെ മതസമൂഹങ്ങളെയും ദീർഘകാലമായി ബന്ധിപ്പിച്ചിരിക്കുന്ന സൗഹൃദത്തിനും കർദ്ദിനാൾ നന്ദിയർപ്പിച്ചു.
രാജ്യത്തെ അപ്പസ്തോലിക പ്രിഫക്റ്റ് മോൺസിഞ്ഞോർ വ്‌ളാഡിമിർ ഫെകേതെ, പരിശുദ്ധ സിംഹാസനത്തിലെ അസർബൈജാൻ സ്ഥാനപതി ഇൽഗാർ മുഖ്തറോവ്, പ്രാദേശിക ക്രൈസ്തവ- യഹൂദ സമൂഹങ്ങളുടെ പ്രതിനിധികൾ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. 2002-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ സന്ദർശനവും 2016-ൽ ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദർശനവും കർദ്ദിനാൾ അനുസ്മരിച്ചു. ഈ സന്ദർശനങ്ങളും, മറ്റു സംയുക്ത സംഭാഷണങ്ങളും ഇരു വിഭാഗങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ശക്തമാക്കിയതായി കർദ്ദിനാൾ ചൂണ്ടിക്കാട്ടി.
വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാടിനെ കഴിഞ്ഞ വര്‍ഷമാണ് തെരഞ്ഞെടുത്തത്. മുന്‍ പാപ്പ ഫ്രാന്‍സിസ് പാപ്പയുടെ വിദേശയാത്രയുടെ ചുമതല വഹിച്ചു വരികെയാണ് അദ്ദേഹത്തിന് അന്നു നിര്‍ണ്ണായക ഉത്തരവാദിത്വം ലഭിച്ചത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















