News

മതനിന്ദ ആരോപണം പൊളിഞ്ഞു; അന്ധനായ ക്രൈസ്തവ വിശ്വാസിയെ പാക്ക് കോടതി വെറുതെവിട്ടു

പ്രവാചകശബ്ദം 26-06-2026 - Friday

ലാഹോർ: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്ത ക്രൈസ്തവ വിശ്വാസിക്ക് മാസങ്ങള്‍ നീണ്ട വിചാരണയ്ക്കു ശേഷം മോചനം. 51 വയസ്സുള്ള അന്ധനായ നദീം മാസിഹ് എന്ന കത്തോലിക്ക വിശ്വാസിയ്ക്കാണ് മതനിന്ദ കുറ്റത്തിൽ നിന്ന് ലാഹോർ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ വിവാദ മതനിന്ദ നിയമങ്ങൾ പ്രകാരം മാസങ്ങൾ നീണ്ട നിയമ നടപടി നേരിട്ട സാധു മനുഷ്യനാണ് നദീം മാസിഹ്.

നേരത്തെ മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്. വധശിക്ഷ ലഭിക്കാനുള്ള സാധ്യതയുൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ചുമത്താന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും വിവാദപരവുമായ നിയമ വ്യവസ്ഥകളിലൊന്നായ പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295-സി പ്രകാരമാണ് മാസിഹിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മാസിഹിനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ലാഹോറിലെ അഡീഷണൽ സെഷൻസ് ജഡ്ജി കോടതി വിധിക്കുകയായിരിന്നു.

ജന്മനാ അന്ധനായ മാസിഹ് വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയി കൊണ്ടിരിന്നത്. ഒകാര ജില്ലയിൽ നിന്നുള്ള അദ്ദേഹം, വിധവയായ അമ്മയ്ക്കും കുടുംബത്തിനും ഒപ്പം മെച്ചപ്പെട്ട ഉപജീവനമാർഗ്ഗവും തേടി ലാഹോറിലേക്ക് താമസം മാറി. വൈകല്യമുണ്ടായിട്ടും, ലാഹോറിലെ മോഡൽ ടൗൺ പാർക്കിൽ സന്ദർശകർക്ക് ഭാരം പരിശോധിക്കാൻ ചെറിയ തുക ഈടാക്കി വരുമാന മാര്‍ഗം കണ്ടെത്തിയിരിന്നു. ഇതിനിടെ പാർക്കിൽ ജോലി ചെയ്യുന്ന മറ്റ് വ്യക്തികളിൽ നിന്ന് ആവര്‍ത്തിച്ചുള്ള പീഡനത്തിനും വിവേചനത്തിനും അദ്ദേഹം ഇരയായിരിന്നു.

2025 ഓഗസ്റ്റ് 21ന് സംഘർഷം രൂക്ഷമായി. ഇതിനെതിരെ അദ്ദേഹം പ്രതിഷേധിച്ചപ്പോള്‍ ഏതാനും പേര്‍ ചേര്‍ന്ന് ടൗൺ പോലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ മതനിന്ദ ആരോപണം ഉയര്‍ത്തുകയായിരിന്നു. മാസിഹിന്റെ നിരപരാധിത്വം തുടക്കം മുതൽ തന്നെ അറിയുന്ന കുടുംബത്തെയും ബന്ധുക്കളെയും ഞെട്ടിക്കുന്നതായിരിന്നു ആരോപണം. 2025 ഓഗസ്റ്റിൽ അറസ്റ്റിലായതോടെ ആരംഭിച്ച വേദനാജനകമായ അധ്യായത്തിന്റെ അവസാനമാണ് ലാഹോര്‍ കോടതി അദ്ദേഹത്തിന്റെ നിരപരാധിത്വം അംഗീകരിച്ചിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »