News

പാക്കിസ്ഥാനില്‍ വിശുദ്ധ തോമാശ്ലീഹായുടെ പാദ സ്പര്‍ശമേറ്റ മേഖലയില്‍ വിശ്വാസികളുടെ തീര്‍ത്ഥാടനം

പ്രവാചകശബ്ദം 07-07-2026 - Tuesday

ടാക്സില: വേനൽക്കാലത്തെ കൊടും ചൂടിനെ വകവയ്ക്കാതെ, അപ്പസ്തോലനായ വിശുദ്ധ തോമസിന്റെ പാദ സ്പര്‍ശമേറ്റ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ടാക്സിലയില്‍ വിശ്വാസികള്‍ തീര്‍ത്ഥാടനം നടത്തി. തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാള്‍ ദിനത്തില്‍ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ഏകദേശം അഞ്ഞൂറോളം കത്തോലിക്ക വിശ്വാസികളാണ് മേഖലയില്‍ എത്തിയത്. ജൂലൈ നാലിന് ഗുജ്രൻവാലയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിൽ നിന്നുള്ള വിശ്വാസികളാണ് എട്ട് ബസുകളിലായി സിർകാപ്പിലെ വിശുദ്ധന്‍ വചനം പ്രസംഗിച്ചു നടന്നു നീങ്ങിയ സംരക്ഷിത പുരാവസ്തു മേഖലയില്‍ എത്തിയത്. വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും ഇവിടെ നടന്നു. ദിവ്യബലിക്ക് ശേഷം, തീർത്ഥാടകർ ടാക്സില മ്യൂസിയവും സിർകാപ്പിലെ പുണ്യസ്ഥലങ്ങളും സന്ദർശിച്ചു.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ടാക്സിലാ എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് വിശുദ്ധ തോമസ് ശ്ലീഹായുടെ അപ്പസ്തോലിക സ്പര്‍ശനമേറ്റ പുരാതന നഗരം സ്ഥിതിചെയ്യുന്നത്. ചരിത്ര രേഖകളനുസരിച്ച് വിശുദ്ധ തോമാശ്ലീഹാ, ഗോൺഡോഫറസ് രാജാവിന്റെ കൊട്ടാരത്തിലേക്ക് സുവിശേഷം പ്രസംഗിക്കാനായി പോകവേ ടാക്സിലായിലൂടെയും കടന്നുപോയിട്ടുണ്ടെന്നാണ് പുരാതന രേഖകള്‍ സൂചിപ്പിക്കുന്നത്. 1822-ല്‍ കണ്ടെത്തിയ, തോമയുടെ നടപടികളെന്ന മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട സുറിയാനി ഭാഷയിലുള്ള ഗ്രന്ഥത്തില്‍ തോമാശ്ലീഹായെ നേരിട്ടുകണ്ട രാജാവ് അദ്ദേഹത്തിന് വലിയൊരു കൊട്ടാരം പണിയാനുള്ള പണം നൽകിയെന്നും സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ തോമാശ്ലീഹ പണമെല്ലാം പാവപ്പെട്ടവർക്ക് നൽകുകയായിരിന്നു. തന്റെ നിര്‍ദ്ദേശം ചെവിക്കൊള്ളാതിരിന്ന തോമാശ്ലീഹായെ ജീവനോടെ കത്തിക്കാനായി രാജാവ് ഉത്തരവിട്ടു. ഗ്രന്ഥത്തിലെ വിവരണ പ്രകാരം അതേ ദിവസങ്ങളിൽ തന്നെ രാജാവിന്റെ സഹോദരനായ ഗാഡ് മരണപ്പെട്ടു. എന്നാല്‍ പിന്നീട് അദ്ദേഹം അത്ഭുതകരമായി ജീവനിലേക്ക് തിരികെ വരുകയും ചെയ്തു. താൻ നിത്യതയിലെത്തിയപ്പോള്‍ രാജാവിനുവേണ്ടി തോമാശ്ലീഹാ സ്വർഗത്തിൽ ഒരു കൊട്ടാരം നിർമ്മിച്ചിരിക്കുന്നത് കണ്ടതായി ഗാഡ് വെളിപ്പെടുത്തി. ഇതു കേട്ട് ഗോൺഡോഫറസ് രാജാവ് തോമാശ്ലീഹായെ വെറുതെ വിടുകയും, രാജ്യത്തെ ജനങ്ങളോടൊപ്പം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »