News

വെസ്റ്റ് ബാങ്കിലെ ഏക ക്രൈസ്തവ ഗ്രാമത്തിന് ഇസ്രായേല്‍ ഭീഷണി; അടിയന്തര ഇടപെടല്‍ യാചിച്ച് ഇടവക വികാരി

പ്രവാചകശബ്ദം 09-07-2026 - Thursday

റാമല്ല: വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവർ മാത്രം താമസിക്കുന്ന ഏക പലസ്തീൻ ഗ്രാമമായ തായ്ബെയിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഇടവക വികാരി ഫാ. ബഷാർ ഫവാഡ്ലെ. വിശുദ്ധനാടിന്റെ ക്രൈസ്തവ പൈതൃകം സംരക്ഷിക്കണമെങ്കിൽ വാക്കുകൾ മാത്രം പോരെന്നും, അടിയന്തരവും വ്യക്തവുമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഗ്രാമത്തിന്റെ ഉടമസ്ഥതയിലുള്ള ജബൽ അൽ-മസ്സിസ് പ്രദേശത്ത് ഇസ്രായേൽ കുടിയേറ്റക്കാർ പുതിയ കുടിയേറ്റ കേന്ദ്രം നിർമ്മിക്കാൻ ശ്രമിക്കുന്നതായി ദൃക്സാക്ഷികളും പ്രാദേശിക നിരീക്ഷണസംഘങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ നിർമാണം ഗ്രാമവാസികളുടെ വീടുകളിൽ നിന്ന് വളരെ അടുത്തായതിനാൽ ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്. പുതിയ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കപ്പെടുകയാണെങ്കിൽ ഗ്രാമവാസികൾ സ്ഥിരമായ ഭീഷണിയിലും ഭയത്തിലും കഴിയേണ്ടിവരുമെന്നും, കിഴക്കൻ മേഖലയിലെ കൃഷിയിടങ്ങളിലേക്കും കോഴിവളർത്തൽ ഫാമുകളിലേക്കും കർഷകർക്ക് എത്തിച്ചേരാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും ഫാ. ഫവാഡ്ലെ ആശങ്ക പ്രകടിപ്പിച്ചു. ഗ്രാമവാസികളെ സ്വന്തം ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

മേഖലയില്‍ സിവിൽ ഭരണചുമതല പലസ്തീൻ അതോറിറ്റിക്കാണെങ്കിലും സുരക്ഷ ചുമതല പലസ്തീൻ പോലീസും ഇസ്രായേൽ സൈനിക അധികാരികളും സംയുക്തമായി ചേർന്നാണ് വഹിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗ്രാമത്തിൽ നടക്കുന്ന ആക്രമണങ്ങളും ഭീഷണികളും സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ നിരവധി രാജ്യങ്ങളുടെ അംബാസഡർമാരെയും സഭാനേതാക്കളെയും വിദേശ പ്രതിനിധി സംഘങ്ങളെയും തായ്ബെയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ഫാ. ഫവാഡ്ലെ പറഞ്ഞു. സംഭവങ്ങളുടെ ചിത്രങ്ങൾ, വീഡിയോകൾ, ദൃക്സാക്ഷി മൊഴികൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകളും കൈമാറിയെങ്കിലും അധിനിവേശവും അക്രമവും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

"ഞങ്ങൾക്ക് വേണ്ടത് ഭയമില്ലാതെ സ്വന്തം ഭൂമിയിൽ തുടരാനുള്ള അവകാശം മാത്രമാണ്"- ഫാ. ഫവാഡ്ലെ പറഞ്ഞു. വിശുദ്ധനാടിലെ ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കാൻ അന്താരാഷ്ട്ര സംഘടനകളും സുമനസ്സുകളും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് അഭ്യർത്ഥിച്ചു. വിശുദ്ധ നാടിനെ വാക്കുകൾകൊണ്ട് മാത്രം സംരക്ഷിക്കാനാവില്ല. വ്യക്തമായ പ്രവർത്തനങ്ങളിലൂടെയാണ് അത് സാധ്യമാകുക. വളരെ വൈകും മുമ്പ് നടപടി സ്വീകരിക്കണം. മറ്റൊരു വേദനാജനകമായ സംഭവം അടിച്ചേൽപ്പിക്കപ്പെടും മുമ്പ് ലോകം ഇടപെടേണ്ട സമയമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️