News - 2026

ലയണല്‍ മെസ്സിക്ക് വെഞ്ചിരിച്ച ജപമാല സമ്മാനിച്ച് മാധ്യമപ്രവർത്തകൻ; ആലിംഗനത്തിലൂടെ നന്ദി പ്രകടിപ്പിച്ച് താരം

പ്രവാചകശബ്ദം 10-07-2026 - Friday

മിയാമി: 2026 ഫിഫ ലോകകപ്പിൽ ഐതിഹാസിക പോരാട്ടം തുടരുന്ന അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ജപമാല സമ്മാനിച്ച് മാധ്യമ പ്രവര്‍ത്തകന്‍. കേപ് വെർഡെയ്‌ക്കെതിരെ അർജന്റീനയുടെ നാടകീയമായ വിജയത്തിന് ശേഷം വഴിയരികില്‍ നിന്ന അർജന്റീനിയൻ മാധ്യമ പ്രവർത്തകൻ ജൂലിയൻ പെരെസ് റെജിയോയാണ് മെസ്സിക്ക് വത്തിക്കാനില്‍ നിന്നുള്ള വെഞ്ചിരിച്ച ജപമാല സമ്മാനിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അർജന്റീനയ്ക്കു താരം നൽകുന്ന സന്തോഷത്തിനുള്ള നന്ദിസൂചകമായും അദ്ദേഹത്തിന്റെ സംരക്ഷണത്തിനായുള്ള സമ്മാനമെന്ന നിലയിലുമാണ് ജപമാല മെസ്സിക്ക് സമ്മാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മെസ്സിക്കും ഭാര്യ അന്റോനെല്ല റോക്കുസോയ്ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും കുടുംബാംഗങ്ങൾക്കും മുഴുവൻ വേണ്ടിയുള്ളതാണ് ഈ ജപമാലയെന്നു ജൂലിയൻ പെരെസ് പറഞ്ഞു. എളിമയോടും ലാളിത്യത്തോടും ജൂലിയന്റെ വാക്കുകള്‍ കേട്ട മെസ്സി ജപമാല സ്വീകരിക്കുകയും സമ്മാനിച്ച മാധ്യമ പ്രവര്‍ത്തകനെ ആലിംഗനം ചെയ്യുകയും ചെയ്തു.



മറ്റൊരാള്‍ വീഡിയോയിൽ പകർത്തിയ ഈ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയായിരിന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെയും നന്ദിയുടെയും ശക്തമായ ഓർമ്മപ്പെടുത്തൽ എന്നാണ് പലരും ദൃശ്യങ്ങളെ വിശേഷിപ്പിച്ചത്. നേരത്തെ ഫിഫ ലോകകപ്പ് ഫുട്ബോളിലെ അര്‍ജന്‍റീനയുടെ ആദ്യ മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയ ലയണല്‍ മെസ്സി ഗോള്‍ നേട്ടത്തിന് പിന്നാലെ കുരിശ് വരച്ചു ഇരുകൈകളും ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »