News - 2026

നൈജീരിയ, നിക്കരാഗ്വേ, സിറിയ, ഇന്ത്യ; ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിച്ചുവരുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐ‌സി‌സി

പ്രവാചകശബ്ദം 17-07-2026 - Friday

ന്യൂയോര്‍ക്ക്: ഇരുപതിലേറെ രാജ്യങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിശകലനവുമായി ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന 'ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ' പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കി. ലോകമെമ്പാടുമുള്ള 388 ദശലക്ഷത്തിലധികം ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ ഉയർന്ന തോതിലുള്ള പീഡനത്തിനും വിവേചനത്തിനും വിധേയരാകുന്നുണ്ടെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് ക്രൈസ്തവ വിശ്വാസികളിൽ ഒരാൾ എന്നതിന് തുല്യമാണ് ഈ കണക്ക്.

ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മധ്യപൂർവ്വേഷ്യ, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൂചികയിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമവും പീഡനം രൂക്ഷമായ രാജ്യങ്ങളില്‍ നൈജീരിയ, നിക്കരാഗ്വേ, സിറിയ, ഇന്ത്യ മുന്‍ നിരയിലുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് സഹോദരങ്ങള്‍ തങ്ങളുടെ വിശ്വാസ പ്രതിബദ്ധതയുടെ പേരിൽ വലിയ വില നൽകേണ്ടിവരുന്നുവെന്ന യാഥാർത്ഥ്യത്തെ ഗൗരവത്തോടെ ഓർമ്മിപ്പിക്കുന്നതാണ് ഈ വർഷത്തെ ആഗോള പീഡന സൂചികയെന്ന് ഐസിസി പ്രസിഡന്റ് ഷോൺ റൈറ്റ് പറഞ്ഞു.

മതപരമായ അടിച്ചമർത്തലുകൾക്ക് ആക്കം കൂട്ടുന്ന പ്രവണതകളെ റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു. മതപരമായ ദേശീയത, അതിർത്തികൾ കടന്നുള്ള അടിച്ചമർത്തൽ, മതസംഘടനകളിന്മേലുള്ള ഭരണകൂട നിയന്ത്രണം, ഭീകരവാദം, സ്വേച്ഛാധിപത്യം, സ്ത്രീകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം വെല്ലുവിളികൾക്കിടയിലും, ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽപ്പോലും സഭ വളർന്നുകൊണ്ടിരിക്കുകയാണെന്നും അടിച്ചമർത്തലുകൾക്കെതിരായ ചെറുത്തുനിൽപ്പ് ശക്തിപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »