News

വിശുദ്ധ ബെനഡിക്ടിന്റെ കല്ലറ സന്ദര്‍ശിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 21-07-2026 - Tuesday

കാസിനോ: ഇറ്റലിയിലെ കാസിനോയിലെ മോണ്ടെ കാസിനോയില്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ബെനഡിക്ടിന്റെ കല്ലറ സ്ഥിതി ചെയ്യുന്ന ആശ്രമം സന്ദര്‍ശിച്ച് ലെയോ പാപ്പ. അക്രമവും സംഘർഷവും നിലനിൽക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിനായി വിശുദ്ധ ബെനഡിക്ടിന്റെ മാധ്യസ്ഥ്യം തേടി മാര്‍പാപ്പ കല്ലറയ്ക്കരികെ പ്രാർത്ഥിച്ചുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.

ആശ്രമ സമൂഹത്തെയും സ്വകാര്യമായി സന്ദർശിച്ചു. വിശ്രമത്തിനായി മാർപാപ്പ ഇപ്പോൾ കാസ്റ്റൽ ഗാൻഡോൾഫോയിലെ അപ്പസ്തോലിക കൊട്ടാരത്തില്‍ തുടരുന്നതിനിടെയാണ് ബെനഡിക്ടന്‍ ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയത്. വസതിയിലേക്ക് മടങ്ങുന്നതിന് മുൻപ് ലെയോ പാപ്പ ആശ്രമത്തിലെ സമൂഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. കഴിഞ്ഞ വർഷം അവധിക്കാലത്ത്, കാസ്റ്റെല്ലി റോമാനി പ്രദേശത്തു ലെയോ പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു.

എ‌ഡി 529-ല്‍ സുബിയാക്കോയിൽ നിന്ന് കാസിനോയ്ക്ക് സമീപമെത്തിയ വിശുദ്ധ ബെനഡിക്ടാണ് മോണ്ടെ കാസിനോയിലെ ആശ്രമം സ്ഥാപിച്ചത്. റോമിലേക്കുള്ള സഖ്യസേനയുടെ മുന്നേറ്റത്തിനിടെ 1944-ൽ ബോംബാക്രമണത്തിൽ തകർന്ന പഴയ ആശ്രമത്തിന്റെ പുനർനിർമ്മിത രൂപമാണ് നിലവിലുള്ള ഈ ആശ്രമം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ, കപ്രാനിക്ക പ്രെനെസ്റ്റിനയ്ക്ക് സമീപമുള്ള ഗ്വാഡഗ്നോളോയിലെ 'സാൻച്വറി ഓഫ് ഔവർ ലേഡി ഓഫ് ഗ്രേസ് ഓഫ് മെന്റോറെല്ല' എന്ന മരിയന്‍ ദേവാലയത്തിലും പാപ്പ സന്ദര്‍ശനം നടത്തിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »