India - 2026

മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതായിരിക്കണം നയം: സര്‍ക്കാരിനോട് കെസിബിസി മദ്യവിരുദ്ധ സമിതി

പ്രവാചകശബ്ദം 28-07-2026 - Tuesday

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ പ്രഖ്യാപിക്കണമെന്നും മദ്യലഭ്യത കുറച്ചുകൊണ്ടുവരുന്നതായിരിക്കണം നയമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യോത്പാദനത്തിന് അനുമതി നൽകരുത്. മദ്യത്തിൻ്റെ വീര്യം ഘട്ടംഘട്ടമായി കുറച്ച് സമ്പൂർണ മദ്യനിരോധനമെന്ന യുഡിഎഫിന്റെ മാനിഫെസ്റ്റോയോടും എ.കെ. ആൻ്റണി, ഉമ്മൻ ചാണ്ടി സർക്കാരുകളുടെ മദ്യനയത്തോടും കൂറുപുലർത്തുന്നതാകണം പുതിയ മദ്യനയം. മാരക ലഹരികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമ്പോഴും മദ്യവും ലഹരിവസ്‌തുവാണെന്നുള്ള കാര്യം വിസ്‌മരിക്കരുത്.

തൂഫാൻ വാറിയർമാരെ നിശ്ചയിക്കുന്നതിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനപാരമ്പര്യമുള്ള ലഹരിവിരുദ്ധ പ്രവർത്തകരോട് അയിത്തം കല്പിക്കുന്നത് വിരോധാഭാസമാണ്. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ റിസോഴ്‌സ് ടീമിനെ കൂട്ടിച്ചേർക്കണം. ലഹരിക്കെതിരേയുള്ള നീക്കത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ഗുണ്ടകളെയും മദ്യപരെയും മദ്യം വിളമ്പുന്ന സംഘടനകളെയും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പാലാരിവട്ടം പിഒസിയിൽ നടന്ന യോഗത്തിൽ, മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ജേ ക്കബ് വെള്ളമരുതുങ്കൽ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ഫാ. ആൻ്റണി അറയ്ക്കൽ, സി.എക്സ‌്‌. ബോണി, എ.ജെ. ഡിക്രൂസ്, വി.ഡി. രാജു, ആൻ്റണി ജേക്കബ്, അന്തോണിക്കുട്ടി ചെതലൻ, കെ.പി. മാത്യു എന്നിവർ പ്രസംഗിച്ചു.


Related Articles »