India - 2026
മധ്യപ്രദേശിൽ അന്തരിച്ച മലയാളി മിഷ്നറി വൈദികന് നാടിന്റെ യാത്രാമൊഴി
പ്രവാചകശബ്ദം 26-09-2026 - Saturday
വടക്കാഞ്ചേരി: മധ്യപ്രദേശിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സത്ന രൂപതാംഗവും കണക്കൻതുരുത്തി രാജഗിരി തിരുഹൃദയ ഇടവകാംഗവുമായ ഫാ. മാർട്ടിൻ പുന്നോലിന്റെ (ബിനോയച്ചൻ - 54) സംസ്‌കാര ശുശ്രൂഷകൾ ബിഷപ്പുമാരുടെ കാർമികത്വത്തിൽ കണക്കൻതുരുത്തി പള്ളിയിൽ നടന്നു.
പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപ്പുരയ്ക്കലിന്റെ പ്രധാനകാർമികത്വത്തിൽ ദിവ്യബലിയോടു കൂടിയായിരുന്നു സംസ്‌കാര ശുശ്രൂഷകൾ നടന്നത്. സത്ന രൂപതാധ്യക്ഷന്‍ മാർ ജോസഫ് കൊടകല്ലിൽ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മാർ ജേക്കബ് മനത്തോടത്ത് അനുശോചന സന്ദേശവും നൽകി.
സത്നാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് ഒറ്റപ്പുരയ്ക്കൽ, മാർട്ടിനച്ചന്റെ സഹപാഠി ഫാ. സിജു വടക്കുംചേരി എന്നിവർ സഹകാർമികരായി. ഇന്നലെ രാവിലെ എട്ടു മണിയോടെ സഹോദരൻ റോയിയുടെ ആനക്കുഴിപ്പാടത്തുള്ള ഭവനത്തിൽ കൊണ്ടുവന്ന മൃതദേഹം പ്രാരംഭ ശുശ്രൂഷകൾക്കു ശേഷം പള്ളിയിലേക്ക് കൊണ്ടുവന്നു. തുടർന്നായിരുന്നു പൊതു ദർശനം ക്രമീകരിച്ചിരുന്നത്. നിരവധി വൈദികരും മറ്റു സമർപ്പിതരും വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികളും സംസ്‌കാരശുശ്രൂഷകളിൽ പങ്കെടുത്തു.
'പ്രവാചകശബ്ദം' സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ ടിനി ടോബിയുടെ പിതൃസഹോദരനാണ് ഫാ. മാർട്ടിൻ. വൈദികന്റെ നിത്യശാന്തിയ്ക്കായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

















