News

ഭൂതോച്ചാടകരായ വൈദികരുടെ എണ്ണം കത്തോലിക്ക സഭയില്‍ വര്‍ദ്ധിക്കുന്നു; വൈദികരുടെ സേവനം ആയിരങ്ങളെ രക്ഷയുടെ മാര്‍ഗത്തിലേക്ക് അടുപ്പിക്കുന്നു

സ്വന്തം ലേഖകന്‍ 30-09-2016 - Friday

വാഷിംഗ്ടണ്‍: ഭൂതോച്ചാടകരായ വൈദികരുടെ എണ്ണം കത്തോലിക്ക സഭയില്‍ വര്‍ദ്ധിക്കുന്നു. ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഭൂതങ്ങളേയും, സാത്താന്റെ വിവിധ ആക്രമണങ്ങളേയും മനുഷ്യരില്‍ നിന്നും അകറ്റി നല്‍കുന്നതിനായി കത്തോലിക്ക സഭയില്‍ ഒരു സംഘം വൈദികര്‍ തീവ്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് ഇത്തരം സേവനം ചെയ്തിരുന്നത് വിരലിലെണ്ണാവുന്ന വൈദികരാണെങ്കില്‍, ഇപ്പോള്‍ അവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

യുഎസില്‍ മാത്രം ഭൂതബാധയും, സാത്താന്റെ മറ്റ് പലബാധകളും ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണം പത്തുവര്‍ഷത്തില്‍ തന്നെ നാലിരട്ടിയായി വര്‍ധിച്ചു. പത്ത് വര്‍ഷം മുമ്പ് വെറും പത്ത് വൈദികരായിരുന്നു ഇത്തരം സേവനങ്ങളുമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമ്പതില്‍ അധികം വൈദികര്‍ ഭൂത പിശാചുകളുടെ വലയില്‍ കുടുങ്ങിയ മനുഷ്യ ജീവിതങ്ങളെ ദൈവത്തിലേക്ക് അടുപ്പിക്കുകയും ദുരിതത്തില്‍ കഴിഞ്ഞ ആയിരക്കണക്കിനു വ്യക്തികള്‍ക്ക് സ്വാന്തനം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതു സംബന്ധിക്കുന്ന വിശദമായ റിപ്പോര്‍ട്ട് അടുത്തിടെ ഓണ്‍ലൈന്‍ പത്രമായ 'ടെലിഗ്രാഫ്' പുറത്തുവിട്ടിരുന്നു.

യുഎസിലെ പ്രമുഖരായ ഭൂതബാധ ഒഴിപ്പിക്കുന്ന ഫാദര്‍ ഗാരി തോമസിന്റെയും, ഫാദര്‍ വിന്‍സി ലാംപേര്‍ട്ടിന്റെയും അഭിമുഖം വിശ്വാസികള്‍ക്ക് അധികം പരിചിതമല്ലാത്ത വിവിധ സാത്താന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമാണ് ഭൂതോച്ചാടകരായ (ഭൂതബാധ ഒഴിപ്പിക്കുന്ന) വൈദികര്‍ സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചതെന്ന് തങ്ങളുടെ അഭിമുഖത്തില്‍ വൈദികരായ ഗാരിയും, വിന്‍സി ലാംപേര്‍ട്ടും പറയുന്നു. അതിനു മുമ്പ് സാത്താനുണ്ടെന്നു പറയുന്നതു തന്നെ വൈദികര്‍ പലപ്പോഴും ഒഴിവാക്കിയിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടെയുള്ള സഭയിലെ പുരോഹിതർ സാത്താന്റെ പ്രവര്‍ത്തനത്തെ കുറിച്ചും, അതിലൂടെ മനുഷ്യര്‍ നശിപ്പിക്കപ്പെടുന്നതിനെ സംബന്ധിച്ചും വിവിധ മുന്നറിയിപ്പുകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ട്. അടുത്തിടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ, ഒരു വിശ്വാസിയുടെ ശരീരത്തു നിന്നും നേരില്‍ ഭൂതത്തെ പുറത്താക്കിയിരുന്നു. സാധാരണ ചൊല്ലുന്ന പ്രാര്‍ത്ഥനകളില്‍ നിന്നും വ്യത്യസ്ഥമായി ചില ശക്തമായ പ്രാര്‍ത്ഥനകളിലൂടെയാണ് പരിശുദ്ധ പിതാവ് വിശ്വാസിയുടെ ശരീരത്തു നിന്നും ഭൂതത്തെ ഒഴിപ്പിച്ചത്.

ഭൂതോച്ചാടകരായ വൈദികര്‍ എല്ലാ വൈദികരേയും പോലെ സാധാരണ ശുശ്രൂഷകള്‍ ചെയ്യുന്നവരാണെന്നും, അല്ലാതെ മാന്ത്രിക ശക്തിയുള്ള ദിവ്യരല്ലെന്നും ജനം മനസിലാക്കണമെന്നും ഫാദര്‍ ഗാരിയും, വിന്‍സിയും തങ്ങളുടെ അഭിമുഖത്തില്‍ പറയുന്നു. റോമില്‍ നടത്തപ്പെടുന്ന പ്രത്യേക പരിശീലനം മാത്രമാണ് ഇത്തരം വൈദികര്‍ക്ക് ലഭിക്കുക. ഓരോ രൂപതയിലും ബിഷപ്പ് ആഗ്രഹിക്കുന്നുവെങ്കില്‍ ഒരു ഭൂതബാധ ഒഴിപ്പിക്കുന്ന വൈദികനെ ഔദ്യോഗികമായി നിയമിക്കാം. ഇത്തരത്തിലുള്ള വൈദികര്‍ രൂപതയുടെ കീഴിലുള്ള വിശ്വാസികളുടെയും, ആവശ്യമനുസരിച്ച് മറ്റുള്ളവരുടെയും ഭൂതബാധകള്‍ പ്രാര്‍ത്ഥനകളിലൂടെ ഒഴിപ്പിച്ചു നല്‍കാറുണ്ട്.

യുഎസിലെ തങ്ങളുടെ രൂപതയിലെ വിശ്വാസികളിലും അധികമായി തങ്ങളെ പുറത്തുള്ള രൂപതയിലെ ആളുകളാണ് ശുശ്രൂഷകള്‍ക്കായി വളിക്കുന്നതെന്നും വൈദികര്‍ പറയുന്നു. ഭാരതത്തിലും, അര്‍മേനിയായിലും, ആഫ്രിക്കയിലും ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ തങ്ങളുടെ സേവനത്തിനായി വിളിക്കാറുണ്ടെന്നും ഈ സ്ഥലങ്ങളിലെല്ലാം പോയി ബാധ ഒഴിപ്പിച്ച് നല്‍കിയതായും വൈദികര്‍ കൂട്ടിച്ചേര്‍ത്തു.

സാധാരണ ശുശ്രൂഷകള്‍ക്കു ശേഷം ലഭിക്കുന്ന സമയത്തെല്ലാം തന്നെ പ്രാര്‍ത്ഥനാപൂര്‍വ്വം ഭൂതങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള പ്രത്യേക പ്രാര്‍ത്ഥന തങ്ങള്‍ നടത്താറുണ്ടെന്നും വൈദികര്‍ അഭിമുഖത്തില്‍ പറയുന്നു. ഒരാളില്‍ നിന്നും ഭൂതത്തെ ഒഴിപ്പിക്കുന്നതിനു മുന്നോടിയായി ശക്തമായ പ്രാര്‍ത്ഥനകള്‍ വിവിധ സംഘങ്ങളായി വൈദികര്‍ നടത്താറുണ്ട്. ഒരു ഡോക്ടറുടെയും മനശാസ്ത്രജ്ഞന്റെയും സഹായവും ചില സന്ദര്‍ഭങ്ങളില്‍ വൈദികര്‍ ഉപയോഗിക്കുന്നു.

സാത്താന്‍ എന്നത് ഒരു കെട്ടുകഥയല്ലെന്നും അതൊരു വാസ്തവമാണെന്നും, വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ഭൂതബാധ ഒഴിപ്പിക്കുന്നതിനുള്ള ശുശ്രൂഷകള്‍ ചെയ്തു നല്‍കുയുള്ളുവെന്നും, കത്തോലിക്ക വിശ്വാസികളെക്കാളും അധികമായി അകത്തോലിക്ക വിശ്വാസികള്‍ തങ്ങളെ സേവനത്തിനായി വിളിക്കുന്നുണ്ടെന്ന് വൈദികര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഒരു മനുഷ്യനെ അടിമയാക്കിയ ശേഷം പലരീതിയിലാണ് സാത്താന്‍ അവനിലേക്ക് പ്രവേശിക്കുന്നത്. ഇത്തരത്തില്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ദുഷ്ടാത്മാവ് ആ പ്രത്യേക വ്യക്തിയില്‍ വാസമുറപ്പിക്കുന്നു. മദ്യത്തിനും മയക്കുമരുന്നിനും ആളുകളെ അടമകളാക്കുക, നീലചിത്രങ്ങള്‍ കാണുവാന്‍ പ്രേരിപ്പിച്ച് അതിലുള്ള ആസക്തി വര്‍ദ്ധിപ്പിക്കുക, തുടങ്ങിയവയാണ് സാത്താന്‍ ഉപയോഗിക്കുന്ന ശക്തമായ മാര്‍ഗങ്ങളെന്നും വൈദികര്‍ വിശദീകരിക്കുന്നു. ഇത്തരത്തില്‍ തന്റെ അടിമകളായവരെ സാത്താന്‍ അവനെ ആരാധിക്കുന്നവരാക്കി മാറ്റുന്നു.

വീട്ടിലേക്ക് സാത്താന്റെ പ്രവര്‍ത്തനത്തേയും സ്വാധീനത്തേയും ക്ഷണിച്ചുവരുത്തുന്ന ഒന്നാണ് ഓജോ ബോര്‍ഡ് എന്ന് വൈദികര്‍ എടുത്ത് പറയുന്നുണ്ട്. ചില പ്രത്യേക ടാറ്റുകള്‍ ശരീരത്തില്‍ വരയ്ക്കുകയും, ചരടുകളും മറ്റും കൈയില്‍ ധരിക്കുകയും ചെയ്യുന്നവരിലും, മന്ത്രവാദം നടത്തുന്നവരിലും, അതില്‍ പങ്കാളികളാകുന്നവരിലും സാത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വൈദികര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം തെറ്റായ സാഹചര്യങ്ങളെല്ലാം ഒഴിവാക്കണമെന്നും ദൈവവുമായുള്ള ബന്ധം പ്രാര്‍ത്ഥനയിലൂടെയും, ആരാധനയിലൂടെയും, കൂദാശകളിലൂടെയും ശക്തമാക്കി നിലനിര്‍ത്തണമെന്നും വൈദികരായ ഗാരി തോമസും, വിന്‍സി ലാംപോര്‍ട്ടും മുന്നറിയിപ്പു നൽകുന്നു.