News - 2026
റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ കത്തീഡ്രലിന് കേടുപാടുകൾ
പ്രവാചകശബ്ദം 18-08-2026 - Tuesday
ഖാർകിവ്: റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർകിവിലുള്ള യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ കത്തീഡ്രല്‍ ദേവാലയത്തിന് കേടുപാടുകള്‍. സെന്റ് നിക്കോളാസ് ദി വണ്ടർവർക്കർ കത്തീഡ്രലിനാണ് റഷ്യന്‍ ആക്രമണത്തില്‍ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. മിസൈലിന്റെ ഭാഗങ്ങള്‍ പതിച്ചതിനെ തുടർന്ന് ദേവാലയത്തിന്റെ ജനൽച്ചില്ലുകൾ തകർന്നതായും സമുച്ചയത്തിന്റെ പരിസരത്തു നാശനഷ്ടങ്ങളുണ്ടായതായും ഇടവക നേതൃത്വം അറിയിച്ചു.
ആക്രമണത്തിൽ കത്തീഡ്രലിലെ വിശ്വാസികളിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിശ്വാസികൾ സുരക്ഷിതരാണെന്നത് ആശ്വാസകരമാണെങ്കിലും, ദേവാലയത്തിന്റെ ഭൗതിക ഘടനയ്ക്ക് നാശം സംഭവിച്ചിട്ടുള്ളത് ദുഃഖകരമാണെന്നും സഭാനേതൃത്വം അറിയിച്ചു. ഖാർകിവിൽ റഷ്യ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് കത്തീഡ്രലിനും കേടുപാടുകൾ സംഭവിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ യുനെസ്കോ ലോക പൈതൃക സ്ഥലമായി അംഗീകരിച്ച ഓർത്തഡോക്സ് ആശ്രമമായ കീവ് പെച്ചേർസ്ക് ലാവ്രയിൽ സ്ഥിതി ചെയ്യുന്ന പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഡോർമിഷൻ കത്തീഡ്രല്‍ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തില്‍ അഗ്നിയ്ക്കിരയായിരിന്നു. യുദ്ധത്തിനിടെ യുക്രൈനിലെ നിരവധി ആരാധനാലയങ്ങളും സഭാസ്ഥാപനങ്ങളും വലിയ നാശനഷ്ടം നേരിട്ടിട്ടുണ്ട്. ഖാർകിവിലെ കത്തീഡ്രലിന് നേരെയുണ്ടായ ആക്രമണം ഇതിന്റെ അവസാന ഉദാഹരണമാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















