News - 2026
പീഡിതരായ ക്രൈസ്തവര്‍ക്ക് വേണ്ടി ഫണ്ട് സമാഹരണത്തിന് ലണ്ടനിൽ നിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനവുമായി യുവാവ്
പ്രവാചകശബ്ദം 29-08-2026 - Saturday
ലണ്ടന്‍: 32 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കനത്ത ചൂട്, ദിവസവും വെറും മൂന്ന് മണിക്കൂർ മാത്രം ഉറക്കം, യാത്ര തടസ്സപ്പെടുത്തുന്ന ശക്തമായ കാറ്റ് - പ്രതികൂല സാഹചര്യങ്ങളിലും ആന്‍ഡ്രൂ ഫൂട്ട് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം തുടരുകയാണ്. ലോകമെമ്പാടും പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്ന 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' (ACN) എന്ന സംഘടനയ്ക്കായി ഫണ്ട് സമാഹരണമെന്ന ലക്ഷ്യവുമായാണ് 2246 മൈൽ ദൂരം ഈ യുവാവ് സൈക്കിൾ തീർത്ഥാടനം നടത്തുന്നത്.
ഓഗസ്റ്റ് 15നു ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നിന്നാണ് ആന്‍ഡ്രൂ യാത്രയ്ക്ക് തുടക്കമിട്ടത്. 12 ആഴ്ച നീളുന്ന ഈ ദൗത്യത്തിന് ഒടുവില്‍ പീഡിത ക്രൈസ്തവരെ സഹായിക്കുന്ന എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിനായി 10,000 പൗണ്ട് സമാഹരിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നിലവിൽ ഫ്രാൻസിലൂടെ 600 മൈൽദൂരം സൈക്കിളിൽ പിന്നിട്ട അദ്ദേഹം ഫ്രഞ്ച് യാത്രയുടെ മൂന്നിൽ രണ്ട് ഭാഗവും പൂർത്തിയാക്കിക്കഴിഞ്ഞു.
ഇറ്റലി, ഗ്രീസ്, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങൾ കടന്ന് വേണം ഇസ്രായേലിൽ എത്തുവാൻ. മേഖലയില്‍ പ്രതിസന്ധി ഏറെയുണ്ടെങ്കിലും വിശുദ്ധ നാട്ടിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്. ദിവസവും 60 മുതൽ 70 മൈൽ വരെ സൈക്കിൾ ചവിട്ടുന്ന ആന്‍ഡ്രൂ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് പര്യടനം തുടരുന്നത്. ആരാധനാ സ്വാതന്ത്ര്യത്തിനായി കനത്ത വെല്ലുവിളികളും ദുരിതങ്ങളും സഹിക്കുന്ന ക്രൈസ്തവരെ മനസില്‍കണ്ടു കൊണ്ട് നടത്തുന്ന ഒരു തീർത്ഥാടനമാണിതെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആന്‍ഡ്രൂ പറയുന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















