India - 2026
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ
പ്രവാചകശബ്ദം 21-09-2026 - Monday
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ 23 വരെ തീയതികളിൽ റോമിൽ നടക്കും. ലെയോ പതിനാലാമൻ മാർപാപ്പ ഈ സമ്മേളനത്തിൽ പ്രത്യേകമായി പങ്കെടുക്കുകയും ആശീർവാദം നൽകുകയും ചെയ്യും. സീറോ മലബാർ സഭയുടെയും 109 വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കത്തോലിക്ക കോൺഗ്രസിൻ്റെയും ചരിത്രത്തിലെ അവിസ്‌മരണീയമായ സംഗമമാണു റോം ഗ്ലോബൽ മീറ്റ്. ആഗോള തലത്തിൽ സമുദായ ശക്തീകരണത്തിൻ്റെ വ്യത്യസ്‌ത മേഖലകൾ, പ്രതിസന്ധികൾ, സാധ്യതകൾ, ഗ്ലോബൽ കണക്‌ടിവിറ്റി, ബിസിനസ് നെറ്റ്‌വർക്കിംഗ് തുടങ്ങിയവയെ ആസ്‌പദമാക്കി യുള്ള സെഷനുകൾ, ചർച്ചകൾ, സംവാദങ്ങൾ, നയരൂപീകരണങ്ങൾ എന്നിവ സംഗമത്തിൻ്റെ ഭാഗമായി നടക്കും. 40 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പൗരസ്‌ത്യ സഭാകാര്യാലയം പ്രീഫെക്‌ട് കർദ്ദിനാൾ മാർ ക്ലൗദിയോ ഗുജറോത്തി, ബിഷപ്പ് ലഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ബിഷപ്പുമാരായ മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസ് കല്ലുവേലിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോസഫ് അരുമച്ചാടത്ത് എന്നിവരും സമുദായ നേതാക്കളും മന്ത്രിമാരും ജന പ്രതിനിധികളും മൂന്നു ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കും.
ഗ്ലോബൽ മീറ്റിനു മുന്നോടിയായി മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിനു കൈമാറിയ പതാക 32 രാജ്യങ്ങളിലൂടെ കടന്നു പോകുന്ന പതാക പ്രയാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഇന്ത്യയിൽ എത്തിച്ചേരും. ഒക്ടോബറിൽ ഇന്ത്യയില വിവിധ രൂപതകളിലൂടെ പ്രയാണം ചെയ്‌ത് ഒക്ടോബർ 18ന് റോമിലേക്കു പ്രയാണം നീങ്ങുകയും 19 ന് റോമിൽ പതാക ഉയർത്തുകയും ചെയ്യും.

















