News
സ്ലോവാക്യയിൽ ജീവന്റെ സംരക്ഷണത്തിനായി പതിനായിരങ്ങളുടെ റാലി
പ്രവാചകശബ്ദം 21-09-2026 - Monday
ബ്രാറ്റിസ്ലാവ: സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ ജീവന്റെ സംരക്ഷണത്തിനും ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കുമായി 'നാഷണൽ മാർച്ച് ഫോർ ലൈഫ്' നടന്നു. സ്ലോവാക്യൻ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റാലിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും പൊതുപ്രവർത്തകരും ഉള്‍പ്പെടെ പതിനായിരങ്ങൾ പങ്കെടുത്തു. കുടുംബങ്ങളെയും ഗർഭിണികളായ സ്ത്രീകളെയും സാമ്പത്തികമായും സാമൂഹികമായും പിന്തുണയ്ക്കുന്ന ശക്തമായ നയങ്ങൾ രാജ്യത്ത് രൂപീകരിക്കണമെന്ന ആവശ്യവും റാലിയിൽ ഉന്നയിച്ചിരിന്നു.
റാലിയ്ക്ക് ഒരുക്കമായി ലെയോ പാപ്പയുടെ സന്ദേശം വായിച്ചു. 'മാർച്ച് ഫോർ ലൈഫ്' പ്രാർത്ഥനയുടെയും സാക്ഷ്യപ്പെടുത്തലിന്റെയും നിമിഷമായി മാറട്ടെയെന്ന പാപ്പ ആശംസിച്ചു. ഗർഭധാരണം മുതൽ സ്വാഭാവികമായ അന്ത്യം വരെയുള്ള ഓരോ ഘട്ടത്തിലും ദൈവത്തിൽനിന്നു ലഭിച്ച വിലപ്പെട്ട ദാനമായ ജീവനെ സ്വീകരിക്കുകയും സംരക്ഷിക്കുകയും വേണമെന്ന ബോധ്യം പുതുതായി ഉണർത്താൻ ഈ മാർച്ച് സഹായിക്കുമെന്ന പ്രത്യാശ പാപ്പ പ്രകടിപ്പിച്ചു.
ദുർബലരും നിസ്സഹായരുമായവരെ പ്രത്യേകം പരിഗണിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കാനും, അതുവഴി ഐക്യദാർഢ്യത്തിലൂന്നിയ സാഹോദര്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ സംഭാവന നൽകാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ഓരോ മനുഷ്യജീവിതവും സംരക്ഷിക്കപ്പെടണമെന്ന് സ്ലോവാക്യൻ ബിഷപ്പ്സ് കോൺഫറൻസ് സെക്രട്ടറി ജനറൽ ഫാ. ഇവാൻ റൂഷിക്ക പറഞ്ഞു. മനുഷ്യജീവന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, വാടകഗർഭധാരണം പൂർണ്ണമായി നിരോധിക്കുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















