News

പാരീസിൽ ലെയോ പാപ്പ അര്‍പ്പിച്ച വിശുദ്ധ കുർബാനയില്‍ എട്ട് ലക്ഷത്തോളം വിശ്വാസികളുടെ പങ്കാളിത്തം

പ്രവാചകശബ്ദം 28-09-2026 - Monday

പാരീസ്: ഫ്രാന്‍സില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ, പാരീസിലെ പ്രസിദ്ധമായ പ്ലെസ് ദേ ല കോൺകോർഡില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ എട്ട് ലക്ഷത്തിലധികം വിശ്വാസികളുടെ പങ്കാളിത്തം. ചത്വരത്തിലേക്ക് പാപ്പയുടെ തുറന്ന വാഹനം പ്രവേശിച്ചപ്പോൾ, ആളുകളുടെ ഹർഷാരവും, വീവ പാപ്പാ വിളികളും പാരീസ് നഗരത്തെ തന്നെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. ചത്വരത്തിനുള്ളിൽ തന്നെ ഏകദേശം എട്ടു ലക്ഷത്തിനു മുകളിൽ ആളുകള്‍ പാപ്പ കാർമ്മികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കുചേരുവാനായി എത്തിച്ചേർന്നിരിന്നു. അതോടൊപ്പം ആയിരക്കണക്കിന് ആളുകൾ, ചത്വരത്തിനു വെളിയിലും, വലിയ സ്‌ക്രീനിൽ വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാന്‍ എത്തിച്ചേര്‍ന്നു.

വിശുദ്ധ കുർബാനയ്ക്ക് എത്തിയവരിൽ, മുൻ നിരയിൽ ഫ്രാൻസിന്റെ പ്രഥമ വനിത ബ്രിജിറ്റ് മാക്രോണും ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവും സ്ഥാനം പിടിച്ചിരുന്നു. നിരവധി മെത്രാന്മാരും, വൈദികരും സമർപ്പിതരും, ചത്വരത്തിൽ പാപ്പയുടെ കുർബാനയ്ക്കായി അണിചേർന്നിരുന്നു. സങ്കീർത്തിയിൽ, തിരുവസ്ത്രങ്ങൾ അണിഞ്ഞ ശേഷം, ലെയോ പാപ്പ പ്രദക്ഷിണമായി, പ്രധാന അൾത്താരയിലേക്ക് കടന്നു വന്നു. സഹകാർമികര്‍ പാപ്പയെ അനുഗമിച്ചു. ദിവ്യബലി മദ്ധ്യേ, പാപ്പ വചന സന്ദേശം നൽകി.

ദൈവമഹത്വം ഉദ്‌ഘോഷിക്കാനായി സഹോദരങ്ങൾ ഒത്തുചേരുന്നത് മനോഹരമാണെന്നും, പാരീസിലെ തന്റെ സാന്നിദ്ധ്യം നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും, ക്രിസ്തു നൽകുന്ന ജീവനും സമാധാനവും സ്നേഹവും മറ്റുള്ളവരിലേക്ക് പകരാനും നിങ്ങളെ സഹായിക്കട്ടെയെന്നും പറഞ്ഞുകൊണ്ടാണ്, പാപ്പയുടെ സന്ദേശം ആരംഭിച്ചത്. മനുഷ്യന്റെ ദാഹം ഭൗതികമായ ആവശ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പ - ജീവിതത്തിന്റെ അർത്ഥം, സത്യം, സ്നേഹം, സമാധാനം, ദൈവവുമായുള്ള ബന്ധം എന്നിവയ്ക്കായുള്ള ആഴത്തിലുള്ള ആഗ്രഹമാണ് ഓരോ മനുഷ്യന്റെയും ഹൃദയത്തിലുള്ളതെന്ന് വിശദീകരിച്ചു.

ക്രിസ്തുവിൽനിന്ന് സ്വീകരിക്കുന്ന പ്രത്യാശയും സ്നേഹവും മറ്റുള്ളവരിലേക്കും പകരാനുള്ള വിളിയാണ് നമുക്കുള്ളതെന്ന് പ്രസ്താവിച്ച പാപ്പാ, നിരാശയും ആത്മീയ വരൾച്ചയും നിലനിൽക്കുന്നയിടങ്ങളിലേക്ക് ക്രൈസ്തവമായ പ്രത്യാശ എത്തിക്കേണ്ടത് നാമേവരുടെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മിപ്പിച്ചു. സമാപന ആശീർവാദത്തിനു മുൻപ്, പാരീസ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മോൺസിഞ്ഞോർ ലൗറെന്റ് ഉൾറിച്ച് പാപ്പയുടെ സാന്നിധ്യത്തിനും, വാക്കുകൾക്കുംനന്ദിയർപ്പിച്ചുകൊണ്ട് സംസാരിച്ചു. കൃതജ്ഞതയ്ക്കു ശേഷം, പാരീസ് അതിരൂപതയുടെ സ്നേഹോപഹാരം പാപ്പയ്ക്കു സമ്മാനിച്ചിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »