News
മാനസികാരോഗ്യരംഗത്തെ അജപാലന ശുശ്രൂഷയ്ക്കു വേണ്ടി പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
പ്രവാചകശബ്ദം 02-10-2026 - Friday
വത്തിക്കാന്‍ സിറ്റി: മാനസികാരോഗ്യത്തിനായുള്ള അജപാലന ശുശ്രൂഷയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ലെയോ പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. ഇന്നലെ ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട വീഡിയോയില്‍ വിവിധ രാഷ്ട്രങ്ങളില്‍ ഏകാന്തതയിൽ, ഉത്കണ്ഠകളോ വിഷാദരോഗമോ ഉൾപ്പെടെയുള്ള മാനസീകമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന മനുഷ്യർക്കുവേണ്ടിയും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയുമുള്ള പാപ്പയുടെ പ്രാര്‍ത്ഥനയും ഉള്‍പ്പെടുന്നു. മാനസീകാരോഗ്യവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന മനുഷ്യരോടും, അവരെ ശുശ്രൂഷിക്കുന്ന മനുഷ്യരോടും ഉണ്ടാകേണ്ട മനോഭാവം വ്യക്തമാക്കുന്നതാണ് വീഡിയോ.
മാനസികമായ വെല്ലുവിളികൾ നേരിടുന്നവരും ഉത്കണ്ഠയോ, വിഷാദമോ മറ്റേതെങ്കിലും മാനസിക രോഗമോ മൂലം ഏകാന്തതയിൽ വേദനിക്കുന്നവരുമായ ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു എന്ന ആമുഖ പ്രാര്‍ത്ഥനയോടെയാണ് വീഡിയോ. നിന്റെ സഭ എല്ലാവർക്കുമായി തുറന്നിരിക്കുന്ന ഒരു ഭവനമാകട്ടെ, എല്ലാവർക്കും ഒരിടമുള്ള സുരക്ഷിതമായ സ്ഥലമാകട്ടെ, ഒഴിവാക്കാതെ കൂടെനിൽക്കുന്ന ഒരു സമൂഹമാകട്ടെ, വിധിക്കാതെ കേൾക്കുകയും ഭയമില്ലാതെ സമീപിക്കുകയും ചെയ്യുന്ന ഒരിടമാകട്ടെ.
അവരെ ശുശ്രൂഷിക്കുന്ന ജോലിക്കാരും കുടുംബക്കാരും സന്നദ്ധപ്രവർത്തകരുമുൾപ്പെടെ, ക്ഷമയും സ്നേഹവുമുള്ള സ്ത്രീപുരുഷന്മാരും മനസ്സിലാക്കലിന്റെയും ആശ്വാസത്തിന്റെയും പാലങ്ങൾ പണിയുന്നവരും ആയവർക്ക് വേണ്ടി ഞങ്ങൾ നിന്നോട് പ്രാർത്ഥിക്കുന്നു. രോഗികൾക്ക് പിന്തുണ നൽകാനായി അവർക്ക് ശക്തിയും കരുണയും നൽകണമേ. ഞങ്ങളുടെ സമൂഹങ്ങളുടെയും മുഴുവൻ സഭയുടെയും ജീവനിലും മിഷ്ണറി നിയോഗത്തിലും മാനസികാരോഗ്യപരിചരണം ഉൾപ്പെടുത്താനും, സമന്വയിപ്പിക്കാനും അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മേൽ അയയ്ക്കണമേ. അങ്ങനെ, ഒരിക്കലും ഉപേക്ഷിക്കാതെ, എപ്പോഴും പുനരുദ്ധരിക്കുന്ന അങ്ങയുടെ കരുണയുടെ ജീവനുള്ള അടയാളമായി ഞങ്ങൾ മാറട്ടെയെന്നും പാപ്പ വീഡിയോയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















