News - 2024

റഷ്യയില്‍ ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിക്കുവാന്‍ പ്രതിഷേധം ശക്തമാകുന്നു; ഭീമ ഹര്‍ജിയില്‍ ഒപ്പിട്ടത് മൂന്നു ലക്ഷം ആളുകള്‍

സ്വന്തം ലേഖകന്‍ 05-10-2016 - Wednesday

മോസ്‌കോ: റഷ്യയില്‍ ഗര്‍ഭഛിദ്രത്തെ നിയമം മൂലം പൂര്‍ണ്ണമായും നിരോധിക്കുവാനുള്ള ഓര്‍ത്തഡോക്‌സ് സഭയുടെയും, പ്രോ-ലൈഫ് ഗ്രൂപ്പുകളുടെയും ആവശ്യം ശക്തമാകുന്നു. നിയമം ഭേദഗതി ചെയ്ത് ഗര്‍ഭഛിദ്രം നിരോധിക്കുവാന്‍ ആവശ്യപ്പെടുന്ന പെറ്റീഷനില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പാത്രീയാര്‍ക്കീസ് കിറിലും ബാല മനുഷ്യാവകാശ കമ്മീഷന്‍ ഓംബുഡ്സ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പ് വച്ചു. മൂന്നു ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയാണ് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുന്നത്.

നൂറു വര്‍ഷത്തില്‍ അധികമായി സര്‍ക്കാര്‍ ചെലവിലാണ് റഷ്യയില്‍ ഗര്‍ഭഛിദ്രം ചെയ്തു നല്‍കിയിരുന്നത്. ഇതിനെതിരെ സഭയും, പ്രോ ലൈഫ് പ്രവര്‍ത്തകരും നിരന്തരം പ്രതിഷേധം നടത്തി വരികയായിരുന്നു. പുതിയ നിയമം നിലവില്‍ വന്നാല്‍ ഗര്‍ഭഛിദ്രവും, കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗങ്ങളെ സഹായിക്കുന്ന മരുന്നുകള്‍ക്കും രാജ്യത്ത് വിലക്കുണ്ടാകും. ഒരു വ്യക്തിക്ക് ഭൂമിയിലേക്ക് ജനിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്ന എല്ലാത്തരം തടസങ്ങള്‍ക്കും രാജ്യത്ത് മാറ്റമുണ്ടാകും.

രാജ്യം മുഴുവനും സ്വീകരണം ലഭിച്ച പെറ്റീഷന്‍ 'ഗര്‍ഭസ്ഥ ശിശുവിനെ കൊലപ്പെടുത്തുവാന്‍ അനുവദിക്കുന്ന നിയമത്തിന്റെ അവസാനം' എന്ന പേരിലാണ് അറിയപ്പെട്ടത്. ജീവന്റെ സംരക്ഷണത്തിനായി വാദിക്കുന്നവരുടെ കൂടി നികുതി പണം ഉപയോഗിച്ചാണ് ഗര്‍ഭഛിദ്രം നടത്തുന്നതെന്ന് പെറ്റീഷന്‍ ഫയല്‍ ചെയ്തവര്‍ വാദിച്ചു. രാജ്യത്തിന്റെ മാനവ വിഭവ ശേഷിയേയും, സാമൂഹിക പശ്ചാത്തലത്തേയും പൂര്‍ണ്ണമായും തകര്‍ക്കുവാന്‍ ഗര്‍ഭഛിദ്രം കാരണമാകുന്നുണ്ടെന്നും പ്രോലൈഫ് സംഘടനകളും, സഭയും ഒരുപോലെ വാദിച്ചു.

സ്ത്രീകളുടെ ആരോഗ്യത്തേയും കുഞ്ഞുങ്ങളുടെ ജീവനേയും ഒരുപോലെ ബാധിക്കുന്ന ഒരു തിന്മ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്നതിനെ റഷ്യന്‍ ജനത ഒരു പോലെ എതിര്‍ക്കുകയാണെന്ന് ഫാദര്‍ റോസെല്ലി പ്രതികരിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ അംഗമായ ഫാദര്‍ റോസെല്ലിയുടെ ഭാര്യയാണ് സര്‍ക്കാര്‍ പുതിയതായി നിയമിച്ച കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള സമിതിയുടെ ഓംബുഡ്സ്മാനായി സേവനം ചെയ്യുന്നത്. ആറു കുട്ടികളുള്ള തനിക്ക് ജീവന്റെ വില നന്നായി അറിയാമെന്നും ഫാദര്‍ റോസെല്ലി കൂട്ടിചേര്‍ത്തു.


Related Articles »