News - 2024
ചൈനയിലെ സിയാന്‍ അതിരൂപതാ കത്തീഡ്രല്‍ ദേവാലയത്തിന്റെ മുന്നൂറാം വാര്‍ഷികം ആഘോഷിച്ചു; 41 വിശ്വാസികള്‍ മാമോദീസ സ്വീകരിച്ച് കത്തോലിക്ക സഭയോട് ചേര്‍ന്നു
സ്വന്തം ലേഖകന്‍ 08-10-2016 - Saturday
സിയാന്‍: വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ചൈനയിലെ സിയാന്‍ അതിരൂപതയുടെ ആസ്ഥാന കത്തീഡ്രല്‍ ദേവാലയത്തിന്റെ മുന്നൂറാമത് വാര്‍ഷികം ആഘോഷിച്ചു. ചൈനയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യം കൂടിയാണ് ഈ ദേവാലയം. ഒക്ടോബര്‍ ഒന്നാം തീയതി ആരംഭിച്ച വാര്‍ഷികാഘോഷം നാലാം തീയതിയാണ് സമാപിച്ചത്. മൂവായിരത്തില്‍ അധികം വിശ്വാസികളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്നത്.
1715-ല്‍ നിര്‍മ്മിച്ച കത്തീഡ്രല്‍ ദേവാലയം, ചൈനീസ് വാസ്തു ശില്‍പ്പത്തിന്റെ പ്രൗഢിയോടു കൂടിയാണ് ഇന്നും നിലകൊള്ളുന്നത്. വത്തിക്കാനില്‍ നിന്നും നിയമിതനായ ബിഷപ്പ് ബസിലിയോ ബ്രോളോ ആയിരുന്നു അതിരൂപതയുടെ ആദ്യത്തെ ബിഷപ്പ്. ഇപ്പോള്‍ ബിഷപ്പ് അന്തോണി ഡാംങ് മിന്‍ഗ്യാന്‍ ആണ് സിയാന്‍ അതിരൂപതയുടെ ചുമതലകള്‍ വഹിക്കുന്നത്.
സമീപ രൂപതകളില്‍ നിന്നുമുള്ള വിശ്വാസികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിനായി ദേവാലയത്തിലേക്ക് എത്തിയിരുന്നു. അതിരൂപതയുടെ ചുമതലകള്‍ വഹിച്ച 21 ബിഷപ്പുമാരുടെയും ഫോട്ടോയും ചരിത്രവും ഉള്‍പ്പെടുത്തിയ പ്രത്യേക പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാളായിരിന്ന ഒക്ടോബര്‍ നാലാം തീയതി നടന്ന ആഘോഷങ്ങളുടെ സമാപനത്തില്‍ പ്രത്യേകം ദിവ്യബലി അര്‍പ്പണവുമുണ്ടായിരിന്നു.
സമൂഹബലിയില്‍ 46 വൈദികര്‍ പങ്കെടുത്തു. ദിവ്യബലി മദ്ധ്യേ കുട്ടികളും, മുതിര്‍ന്നവരുമായ 41 പേര്‍ മാമോദീസാ സ്വീകരിച്ച് കത്തോലിക്ക സഭയോട് ചേര്‍ന്നത് വിശ്വാസ സമൂഹത്തിനു വലിയൊരു സാക്ഷ്യമായി. മാമോദീസാ സ്വീകരിച്ചവരില്‍ ഒരു മാസം പ്രായമായ കൈകുഞ്ഞ് മുതല്‍ 67 വയസ് പ്രായമുള്ള കാറ്റിച്യൂമന്‍ എന്ന വ്യക്തിയും ഉള്‍പ്പെടുന്നു. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ എത്തിയവര്‍ക്ക് ഭക്ഷണവും താമസത്തിനുള്ള ക്രമീകരണങ്ങളും കത്തീഡ്രല്‍ ദേവാലയത്തിലും പരിസരങ്ങളിലുള്ള ദേവാലയങ്ങളിലും ഒരുക്കിയിരുന്നു.