News - 2024

സഭയ്ക്കു 17 പുതിയ കർദിനാൾമാർ ; കരുണയുടെ ജൂബിലി വര്‍ഷ സമാപനത്തോടനുബന്ധിച്ച് സ്ഥാനാരോഹണം

സ്വന്തം ലേഖകന്‍ 10-10-2016 - Monday

വത്തിക്കാന്‍: പതിനൊന്ന് രാജ്യങ്ങളില്‍ നിന്നായി പതിനേഴ് പുതിയ കര്‍ദിനാളുമാരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുത്തു. കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ട പതിനേഴു പേരില്‍ 13 പേരും എണ്‍പതു വയസില്‍ താഴെ പ്രായമുള്ളവരാണ്. മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാന്‍ വേണ്ടി നടത്തപ്പെടുന്ന കോണ്‍ക്ലേവില്‍ വോട്ട് ചെയ്യുവാന്‍ ഇവര്‍ക്ക് അവകാശമുണ്ടായിരിക്കും. ഞായറാഴ്ച വത്തിക്കാനില്‍ നടത്തിയ തന്റെ പ്രസംഗത്തിനു ശേഷമാണ് പുതിയ കര്‍ദിനാളുമാരുടെ പേരുകള്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത്.

അമേരിക്കയില്‍ നിന്നും മൂന്ന് ആര്‍ച്ച് ബിഷപ്പുമാര്‍ കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ടു. ചിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലേസ് കപ്പിച്ച്, ഇന്ത്യാനപോളിസ് ആര്‍ച്ച് ബിഷപ്പ് ജോസഫ് ടോബിന്‍, ബിഷപ്പ് കെവിന്‍ ഫാരല്‍ എന്നിവരാണ് കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ട അമേരിക്കകാര്‍. ക്രൈസ്തവര്‍ ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന സിറിയയിലെ അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോയും വത്തിക്കാന്‍ അംബാസിഡറുമായ ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പ് മരിയോ സിനാരിയും കര്‍ദിനാളുമാരായി ഉയര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇറ്റലി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സ്പെയിൻ, അമേരിക്ക, ബ്രസീൽ, ബംഗ്ലാദേശ്, വെനസ്വേല, ബെൽജിയം, മൗറീഷ്യസ്, മെക്സിക്കോ, പാപ്പുവ ന്യൂ ഗിനി, മലേഷ്യ, ലെസോത്തോ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണു പുതിയ കർദിനാൾമാർ. കരുണയുടെ ജൂബിലി വര്‍ഷം അവസാനിക്കുന്ന നവംമ്പര്‍ 20-ന്റെ തലേദിവസം കൺസിസ്റ്ററിയിലാണ് പുതിയ കര്‍ദിനാളുമാരുടെ സ്ഥാനാരോഹണം വത്തിക്കാനില്‍ നടത്തപ്പെടുക.

കരുണയുടെ ജൂബിലി വര്‍ഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പുതിയ കര്‍ദിനാളുമാരും പങ്കാളികളാകും. മൂന്നാം തവണയാണു ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരെ നിയമിക്കുന്നത്. 44 കർദ്ദിനാളുമാരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിട്ടുണ്ട്. മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള 123 കര്‍ദിനാളുമാരില്‍, 44 കര്‍ദിനാളുമാരുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്താണ്.

പുതിയ കർദിനാൾമാരില്‍ 80 വയസിൽ താഴെയുള്ളവർ ഇവരാണ്- ആർച്ച് ബിഷപ്പ് ബൽത്താസർ എൻറികെ പോറസ് കാർഡോസ (മെരിദ–വെനസ്വേല), ആർച്ച് ബിഷപ്പ് യോസഫ് ഡി കെസൽ (മാലിനെസ്–ബ്രസൽസ്–ബെൽജിയം), ആർച്ച് ബിഷപ്പ് ബ്ലേസ് കപിച്ച് (ചിക്കാഗോ–അമേരിക്ക), ആർച്ച് ബിഷപ്പ് സെർജിയോ ഡ റോച്ച (ബ്രസീലിയ–ബ്രസീൽ), ആർച്ച് ബിഷപ്പ് പാട്രിക് ഡി റൊസാരിയോ (ധാക്ക–ബംഗ്ലാദേശ്), ആർച്ച് ബിഷപ്പ് വില്യം ടോബിൻ(ഇന്ത്യാനപോലിസ്–അമേരിക്ക), ആർച്ച് ബിഷപ് കെവിൻ ഫാരൽ(ഡാളസ്–അമേരിക്ക), ആർച്ച് ബിഷപ്പ് മാരിയോ സെനാരി (സിറിയയിലെ വത്തിക്കാൻ സ്‌ഥാനപതി–ഇറ്റലി), ആർച്ച് ബിഷപ്പ് ഡീഡോൺ എൻസാപാലെയ്ൻഗ (സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്), ആർച്ച് ബിഷപ്പ് കാർലോസ് ഒസാരോ സിയേര (മാഡ്രിഡ്–സ്പെയിൻ), ആർച്ച് ബിഷപ്പ് മോറിസ് പിയാറ്റ് (പോർട്ട് ലൂയിസ്–മൗറീഷ്യസ്), ആർച്ച് ബിഷപ്പ് കാർലോസ് അഗ്വിയർ റെറ്റസ് (ടിലാൽനെപാന്റ്ല–മെക്സിക്കോ), ആർച്ച് ബിഷപ്പ് ജോൺ റിബാറ്റ്(പോർട്ട് മോഴ്സ്ബി–പാപ്പുവ ന്യൂ ഗിനി).

80 വയസിനു മുകളിലുള്ള കർദിനാൾമാർ- ആർച്ച് ബിഷപ്പ് എമരിറ്റസ് സെബാസ്റ്റ്യൻ കോട്ടോ ഖോറായി (മൊഹാൽസ് ഹോക്ക്, ലെസോത്തോ), ആർച്ച് ബിഷപ്പ് എമരിറ്റസ് ആന്റണി സോട്ടർ ഫെർണാണ്ടസ് (ക്വാലാലംപുർ–മലേഷ്യ), ആർച്ച് ബിഷപ്പ് എമരിറ്റസ് റെനാറ്റോ കോർട്ടി (നൊവാര–ഇറ്റലി), ഫാ. ഏണസ്റ്റ് സിമോണി (അൽബേനിയ)


Related Articles »