News
പുരുഷനും സ്ത്രീയും ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന കുടുംബമാണ് സൃഷ്ടിയിലെ ദൈവത്തിന്റെ പദ്ധതിയുടെ അടിസ്ഥാനം : ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 05-10-2015 - Monday
സൃഷ്ടിയിൽ ദൈവത്തിന്റെ പദ്ധതിയിലെ അടിസ്ഥാനപരമായ ആശയം പുരുഷൻ സ്ത്രീയുമായി ഒത്തുകൂടുമ്പോൾ ഉണ്ടാകുന്ന കുടുംബമാണെന്ന് ബിഷപ്പ്മാരുടെ സിനഡ് ഉത്ഘാടനം ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു. ലോകത്തിൽ ഇന്നു നിലനിൽക്കുന്ന വിവിധ രീതിയിലുള്ള ഏകാന്തതയ്ക്കുള്ള പരിഹാരമാണ് കുടുംബം.
തന്റെ സൃഷ്ടിയിലെ ഏറ്റവും പ്രിയപ്പെട്ടവർക്കുവേണ്ടിയുള്ള ദൈവത്തിന്റെ സ്വപ്നം ഇതാണ്: സ്ത്രീപുരുഷന്മാരുടെ സ്നേഹത്തിൽ അധിഷ്ഠിതമായ ഒത്തുചേരൽ: സഹകരണത്തോടെയുള്ള ജീവിതയാത്ര; പരസ്പരമുള്ള ആത്മത്യാഗത്തിന്റെ സാഫല്യം."
മാർക്കോസിന്റെ സുവിശേഷത്തിൽ നാം ഇന്നേ ദിവസം വായിച്ചു കേട്ടതിന്റെയും ആശയം ഇതു തന്നെയാണ്. "തുടക്കം മുതൽ ദൈവം അവരെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചു."
"അതു കൊണ്ട് അവൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടൊത്ത് ചേരും. അവർ രണ്ടല്ല, ഒന്നായി തീരും."
ഒക്ടോബർ 4-ന് ഈ വർഷത്തെ ബിഷപ്പുമാരുടെ സിനഡ് ഉത്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു പിതാവ്.
ഒക്ടോബർ 25-വരെ തുടരുന്ന സിനഡിലെ പ്രമുഖ വിഷയമായി ചർച്ച ചെയ്യപ്പെടുന്നത് തിരുസഭയിലും ആധുനീക ജീവിതത്തിലും കുടുബത്തിന്റെ പ്രസക്തിയാണ്. കുടുബ ജീവിതത്തിൽ സഭയുടെ ഉത്തരവാദിത്വം എന്ന കഴിഞ്ഞ വർഷത്തെ സിനഡിന്റെ തുടർച്ചയായാണ് ഈ സിനഡിലെ ചർച്ചകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹവ്വയുടെ സൃഷ്ടിയ്ക്ക് മുമ്പ് ആദാം അനുഭവിച്ചുകൊണ്ടിരുന്ന ഏകാന്തതയുടെ വിവരണം ഉൽപത്തി പുസ്തകത്തിൽ നമുക്ക് കാണാം
ഏദൻ തോട്ടത്തിന്റെയും അതിലെ സകല ജീവജാലങ്ങളുടെയും മേൽ അധീശത്വം നൽകപെട്ടുവെങ്കിലും, ആദാം അസ്വസ്ഥനായി ജീവിച്ചു. എന്തോ ഒരു അപൂർണ്ണത ആദാം അനുഭവിച്ചുകൊണ്ടിരുന്നു. അത് ഏകാന്തതയായിരുന്നു.
ഈ ആധുനിക ലോകത്തിൽ മനോഹരമായ രമ്യഹർമ്യങ്ങളിലും മാനംമുട്ടെ ഉയർന്നു നിൽക്കുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിലുംഏകാന്തത വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. കുടുംബത്തിനുള്ളിലെ ഊഷ്മളത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.
സുഖ സൗകര്യങ്ങൾ കൂടിക്കൊണ്ടിരിക്കുമ്പോൾ തന്നെ മനുഷ്യർ ആന്തരികമായ ഒരു ശൂന്യത അനുഭവിക്കുകയാണ്. സ്വാർത്ഥത, മ്ലാനത, അതിക്രമം, പണത്തോടും ഭോഗത്തോടുമുള്ള ആസക്തി എല്ലാം മനുഷ്യ ജീവിതത്തെ കലുഷമാക്കികൊണ്ടിരിക്കുന്നു.
ആളുകൾക്ക് സ്നേഹത്തിൽ അധിഷ്ഠിതമായ ബന്ധത്തിൽ വിശ്വാസമില്ലാതായിരിക്കുന്നു. പവിത്രമായ, നീണ്ടുനിൽക്കുന്ന സ്നേഹം ആധുനിക ലോകത്തിൽ വിലയില്ലാത്ത വസ്തുവായി മാറി കൊണ്ടിരിക്കുന്നു.
വികസിത സമൂഹങ്ങളിൽ ജനനനിരക്ക് കുറഞ്ഞു വരുന്നതും ഗർഭച്ഛിദ്രം, വിവാഹ മോചനം, ആത്മഹത്യ എന്നിവ കൂടി വരുന്നതും ആശങ്കയുണർത്തുന്നു എന്ന് പിതാവ് ചൂണ്ടിക്കാട്ടി-
ആദാമിന്റെ ഏകാന്തത കണ്ട് അവന് ഒരു കൂട്ടു വേണമെന്ന് ദൈവം നിശ്ചയിക്കുന്നു.
ദൈവം മനുഷ്യന്റെ സുഖ സൗകര്യങ്ങളിൽ ശ്രദ്ധാലുവായതുകൊണ്ടാണ് അദ്ദേഹം ആ നിശ്ചയം എടുക്കുന്നത്. ദൈവം പുരുഷനെ സ്ത്രീയുമായി കൂട്ടിചേർക്കുന്നു.
ദൈവത്തിന്റെ അഭീഷ്ടത്തിനനുസരിച്ച് തിരുസഭ കുടുംബബന്ധത്തിന് സഹായകമായി വർത്തിക്കണം. തിരുസഭ കുടുംബത്തോട് അനുകമ്പയോടെ വർത്തിക്കണം. മുറിവേറ്റ കുടുംബങ്ങൾക്ക് പ്രത്യേകിച്ച് സഭ തുണയായിരിക്കണം.
St. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1978-ൽ പറഞ്ഞത് പിതാവ് ഓർമ്മിപ്പിച്ചു. തെറ്റുകളും കുറ്റങ്ങളും എതിർക്കപ്പെടേണ്ടതാണ്. പക്ഷേ തെറ്റ് ചെയ്യുന്ന വ്യക്തി കരുണയർഹിക്കുന്നു.
തീരുസഭ കുടുംബങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കരുത്. പ്രത്യുത കുടുംബബന്ധങ്ങളിൽ മനസുകൾ തമ്മിൽ അടുപ്പം സൃഷ്ടിക്കാൻ സഹായിക്കണം.
സിനഡിന്റെ വിജയത്തിനു വേണ്ടി മാതാവിന്റെയും യൗസേപ്പിതാവിന്റെയും മാദ്ധ്യസ്ഥതയ്ക്ക് പ്രാർത്ഥിച്ചു കൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു.
