News - 2024

ഡൊമനിക്കന്‍ സഭയുടെ എണ്ണൂറാമത് വാര്‍ഷികം ആഘോഷിച്ചു; ദരിദ്രരെ സുവിശേഷം അറിയിക്കുകയാണ് ലക്ഷ്യമെന്ന് വൈദികര്‍

സ്വന്തം ലേഖകന്‍ 15-10-2016 - Saturday

നാഗ്പൂര്‍: ഡൊമനിക്കന്‍ സഭയുടെ എണ്ണൂറാമത് വാര്‍ഷികം നാഗ്പൂരില്‍ വിപുലമായി ആഘോഷിച്ചു. ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ ടെലിസ്‌പോര്‍ പി. ടോപ്പോ ആണ് നേതൃത്വം നല്‍കിയത്. വാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാളിനെ കൂടാതെ പതിമൂന്നു ബിഷപ്പുമാരും പങ്കെടുത്തു. സെന്റ് ചാള്‍സ് സെമിനാരിയില്‍ നടത്തപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുവാന്‍ സെമിനാരിയിലെ മുന്‍ വിദ്യാര്‍ത്ഥികളായിരുന്ന പല ഡൊമ്നിക്കന്‍ സഭാ വൈദികരും എത്തിയിരുന്നു.

ഡൊമനിക്കന്‍ സഭയുടെ ഭാരതത്തിലെ പുതിയ പ്രോവിന്‍ഷ്യാളായി ചുമതലയേറ്റ ഫാ. നവീന്‍ അല്‍മീഡ സമ്മേളനത്തില്‍ സന്ദേശം നല്കി. ആഘോഷങ്ങളില്‍ ഉപരിയായി സുവിശേഷത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഡൊമനിക്കന്‍ സഭ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ ശുശ്രൂഷിക്കുന്നതിലൂടെയും സേവനപാതകളിലൂടെ സഞ്ചരിക്കുന്നതിലൂടെയുമാണ് സഭ ഇതിന് നേതൃത്വം വഹിക്കുകയെന്നു അദ്ദേഹം തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ ഡൊമ്നിക്ക് എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സഭയില്‍ ഇപ്പോള്‍ അയ്യായിരത്തില്‍ അധികം വൈദികരാണുള്ളത്. ആറായിരം പേര്‍ വൈദിക പരിശീലനം നടത്തുന്നുണ്ട്. 88 രാജ്യങ്ങളില്‍ ഡൊമനിക്കന്‍ സഭ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം വ്യാപിപ്പിച്ചു. രണ്ടായിരത്തോളം കന്യാസ്ത്രീകള്‍ സഭയിലെ അംഗങ്ങളാണ്. കത്തോലിക്ക സഭ വിവിധ കാലഘട്ടങ്ങളിലായി ഡൊമനിക്കന്‍ സഭയിലെ അംഗങ്ങളായ 21 പേരെയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് 200 പേരെ സംഭാവന ചെയ്യുവാനും ഡൊമനിക്കന്‍ സഭയ്ക്ക് സാധിച്ചു. സഭയിലെ നാലു മാര്‍പാപ്പമാര്‍ ഡൊമനിക്കന്‍ സന്യസ്ഥ സമൂഹത്തില്‍ നിന്നുള്ളവരാണ്.

സമ്മേളനത്തില്‍ നാഗ്പൂര്‍ വിഭാഗം ഡൊമനിക്കന്‍ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സേവനം ചെയ്യുന്ന ഫാദര്‍ ജോസ് തെക്കേല്‍ പ്രത്യേകം സന്ദേശം നല്‍കി. സുവിശേഷത്തെ ദരിദ്രരുടെ ഇടയിലേക്ക് എത്തിക്കുവാനും, സ്വര്‍ഗരാജ്യത്തിന്റെ സ്ഥാപകരായി ഭൂമിയിലെ മനുഷ്യരെ മാറ്റിയെടുക്കുവാനും ഡൊമനിക്കന്‍ സഭയ്ക്ക് സാധിക്കണമെന്നു അദ്ദേഹം പറഞ്ഞു.

ഭാരതത്തിലെ ഡൊമനിക്കന്‍ സഭയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1959-ല്‍ നാഗ്പൂരില്‍ നിന്നുമാണ്. ഐറിഷ് ഡൊമനിക്കന്‍ സഭയില്‍ നിന്നുള്ള നാലു വൈദികരാണ് ഭാരതത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. ഗോവയിലേക്കും പച്ചമര്‍ഹിയിലേക്കും സഭ പിന്നീട് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 138 സഭാംഗങ്ങളാണ് ഇന്ന് ഭാരതത്തിലെ ഡൊമനിക്കന്‍ സഭയ്ക്കുള്ളത്. ഇതില്‍ 71 പേരും വൈദികരാണ്. 13 സമൂഹങ്ങളായി ഇവര്‍ രാജ്യത്ത് സേവനം ചെയ്യുന്നു. ഏഴു ദേവാലയങ്ങള്‍ ഡൊമനിക്കന്‍ സഭയുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.


Related Articles »