News - 2024

ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ക്രൈസ്തവര്‍ ഇസ്ലാം മത വിശ്വാസികളില്‍ നിന്നും കടുത്ത ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുവെന്ന് പുതിയ പഠനം

സ്വന്തം ലേഖകന്‍ 20-10-2016 - Thursday

മ്യൂണിച്ച്: ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ക്രൈസ്തവരും, മറ്റു മതങ്ങളിലെ വിശ്വാസികളും ഇസ്ലാം മത വിശ്വാസികളുടെ ഭാഗത്തു നിന്നും കടുത്ത പീഡനങ്ങള്‍ അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംഘടനകള്‍ അഭയാര്‍ത്ഥികളുടെ ഇടയില്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. പല അഭയാര്‍ത്ഥി ക്യാമ്പുകളിലെ ജീവനക്കാരായ ഇസ്ലാം മത വിശ്വാസികള്‍ ക്രൈസ്തവരായ അഭയാര്‍ത്ഥികളെ ഉപദ്രവിക്കുന്നുണ്ടെന്നും പഠനം ചൂണ്ടികാണിക്കുന്നു.

ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികളായി വസിക്കുന്ന 743 ക്രൈസ്തവരും, പത്ത് യസീദി വിഭാഗക്കാരുമാണ് പീഡന വിവരങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 2016 ഫെബ്രുവരി മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ ക്രിസ്റ്റ്യന്‍ ചാരിറ്റി ഓപ്പണ്‍ ഡോര്‍സ്, ആക്ഷന്‍ ഓണ്‍ ബിഹാഫ് ഓഫ് പേര്‍സിക്യൂട്ടട് ക്രിസ്റ്റ്യന്‍സ് ആന്‍ഡ് നീഡി, യൂറോപ്പ്യന്‍ മിഷ്ണറി സൊസൈറ്റി ഫെല്ലോഷിപ്പ് എന്നീ സംഘടനകള്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പുറമേയുള്ള ഒരു പഠനം മാത്രമാണെന്നും യഥാര്‍ത്ഥമായ കണക്കുകള്‍ ഇതിന്റെ പതിമടങ്ങ് വലുതായിരിക്കുമെന്നും പഠനം നടത്തിയ സംഘടനകള്‍ തന്നെ പറയുന്നു.

55 ശതമാനം ക്രൈസ്തവ വിശ്വാസികളും ശാരീരികമായി മുസ്ലീം മതസ്ഥരായ അഭയാര്‍ത്ഥികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും പീഡനം ഏറ്റുവാങ്ങുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 42 ശതമാനം ക്രൈസ്തവരുടെ കുടുംബങ്ങള്‍ക്കും മുസ്ലീം വിശ്വാസികളുടെ ഭാഗത്തു നിന്നും വധഭീഷണി നേരിടുന്നുണ്ട്. മുസ്ലീങ്ങളായ സുരക്ഷാ ഉദ്യോഗസ്ഥരും അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ലൈംഗീക ചൂഷണങ്ങള്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളിലെ 44 ശതമാനം ക്രൈസ്തവരും ഇരയാകുന്നുണ്ട്.

സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവരാണ് പീഡനങ്ങള്‍ക്ക് വിധേയമാകുന്നവരില്‍ അധികവും. ഇവിടെ നിന്നും അഭയാര്‍ത്ഥികളായി എത്തിയ നിരവധി പേര്‍ ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു. ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള കാരണം ഇതാകാമെന്ന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു.

പുറത്തുവന്നിരിക്കുന്ന പുതിയ വിവരങ്ങള്‍ ജര്‍മ്മനിയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. നിയന്ത്രണവുമില്ലാതെ അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് കടത്തിവിട്ട ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചലീന മെര്‍ക്കലിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.