News - 2024

ബോക്കോ ഹറാം തടവില്‍ നിന്നും പെണ്‍കുട്ടികളെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്തു നൈജീരിയന്‍ ബിഷപ്പുമാര്‍

സ്വന്തം ലേഖകന്‍ 20-10-2016 - Thursday

അബൂജ: ബോക്കോ ഹറാം തീവ്രവാദികളുടെ തടവില്‍ നിന്നും 21 പെണ്‍കുട്ടികളെ മോചിപ്പിച്ച നടപടിയെ സ്വാഗതം ചെയ്തു കൊണ്ട് നൈജീരിയന്‍ ബിഷപ്പുമാര്‍. 2014 ഏപ്രില്‍ മാസത്തിലാണ് ബോക്കോഹറാം തീവ്രവാദ സംഘടന 276 നൈജീരിയന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്.

ഇവരില്‍ 57 പേര്‍ തട്ടിക്കൊണ്ടു പോയ ദിവസം തന്നെ തീവ്രവാദികളുടെ കൈയില്‍ നിന്നും രക്ഷപെട്ടിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം ഒരു പെണ്‍കുട്ടിയും തടവില്‍ നിന്നും മോചിതയായി. സ്വിസ്- നൈജീരിയന്‍ ഗവണ്‍മെന്റിന്റെയും റെഡ്‌ക്രോസിന്റെയും ഇടപെടല്‍ മൂലമാണ് ഇപ്പോള്‍ 21 പെണ്‍കുട്ടികളെ കൂടി മോചിപ്പിക്കപ്പെട്ടിരിക്കുന്നത്.

തടവില്‍ കഴിയുന്ന മറ്റ് പെണ്‍കുട്ടികളെ കൂടി മോചിപ്പിക്കുവാനുള്ള ശ്രമം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉടന്‍ തന്നെയുണ്ടാകണമെന്ന് ലാഗോസ് മുന്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ അന്തോണി ഒലുബൂന്‍മി ഒകോജീ അഭിപ്രായപ്പെട്ടു.

"സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന വേളയാണിത്. പെണ്‍കുട്ടികളുടെ മോചനത്തിനു ദീര്‍ഘ കാലം വേണ്ടിവന്നതിനെ ഏറെ ദുഃഖത്തോടെയാണ് കാണുന്നത്. മുന്‍ സര്‍ക്കാര്‍ വിഷയത്തില്‍ വലിയ മൗനമാണ് പാലിച്ചത്. മോചിതരായ പെണ്‍കുട്ടികളുടെ വീടുകളിലുണ്ടാകുന്ന സന്തോഷം ഏവരെയും ഒരുപോലെ ആഹ്ലാദത്തിലാക്കുന്നു". കര്‍ദിനാള്‍ അന്തോണി ഒലുബൂന്‍മി ഒക്കോജീ പറഞ്ഞു.

ലാഫിയ ബിഷപ്പായ മാത്യൂ ഇഷായ ഔഡു, ഇക്കിറ്റി ബിഷപ്പായ ഫെലിക്‌സ് ഫെമി അജകായി എന്നിവരും സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു. ഇത്രയും നാള്‍ തടവിലായിരുന്നതിനാല്‍ പെണ്‍കുട്ടികളുടെ മാനസിക നില തന്നെ തകരാറിലാണെന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തുവാന്‍, അവര്‍ക്ക് ആവശ്യമായ കൗണ്‍സിംലിംഗ് ക്ലാസുകള്‍ സര്‍ക്കാര്‍ നല്‍കണമെന്നും ബിഷപ്പ് മാത്യൂ ഇഷായ ഔഡു കാത്തലിക് ന്യൂസ് സര്‍വ്വീസിനോട് പറഞ്ഞു.

ദൈവത്തോട് നൈജീരിയന്‍ ജനത നന്ദി പറയേണ്ട സമയമാണിതെന്ന് ബിഷപ്പ് ഫെലിക്‌സ് ഫെമി അജകായി പറഞ്ഞു. അക്രമങ്ങള്‍ക്കെതിരെ നൈജീരിയന്‍ ജനത ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ശേഷിക്കുന്ന പെണ്‍കുട്ടികളുടെ മോചനം ഉടന്‍ സാധ്യമാക്കാന്‍ #BringBackOurGirls പ്രവര്‍ത്തകര്‍ കൂടുതല്‍ പ്രതിഷേധറാലി സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.