News - 2026

ഒരു ദശാബ്ദത്തിന് ശേഷം ക്രിസ്ത്യൻ തീർത്ഥാടന പരിപാടി പുനഃസ്ഥാപിച്ച് നൈജീരിയന്‍ ഗവര്‍ണ്ണര്‍

പ്രവാചകശബ്ദം 18-02-2026 - Wednesday

കടുണ: ഒരു ദശാബ്ദത്തിലേറെയായി നിർത്തിവച്ചിരുന്ന സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന പരിപാടി പുനഃസ്ഥാപിച്ച് നൈജീരിയന്‍ ഗവര്‍ണ്ണര്‍. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്ത്യൻ തീർത്ഥാടന പരിപാടി പുനഃസ്ഥാപിച്ച കടുണ സംസ്ഥാനത്തെ ഗവർണർ ഉബ സാനിയ്ക്കു ക്രൈസ്തവ വിശ്വാസികൾ നന്ദി അറിയിച്ചു. ഭരണകൂട നടപടി നീതി, തുല്യത, എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണം എന്നിവയുടെ തെളിവായാണ് കാണുന്നതെന്നു വിശ്വാസികള്‍ പ്രതികരിച്ചു.

കടുണ സംസ്ഥാനത്തെ എല്ലാ മതവിഭാഗങ്ങളോടുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടിയെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ സ്പോൺസർ ചെയ്യുന്ന ക്രിസ്ത്യൻ തീർത്ഥാടന സ്കീമിലൂടെ തിരഞ്ഞെടുത്ത ക്രൈസ്തവര്‍ക്ക് വിശുദ്ധ നാട്ടിലും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും തീര്‍ത്ഥാടകര്‍ക്കു കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുവാന്‍ കഴിയും. ചെലവുകളില്‍ ഇളവ്, യാത്ര സംഘടിപ്പിക്കുക, തീർത്ഥാടനത്തെ ഔദ്യോഗികമായി പിന്തുണ നല്‍കുക തുടങ്ങീയ വിവിധ കാര്യങ്ങള്‍ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്തും നൈജീരിയ രാജ്യം മുഴുവനിലും സമാധാനവും ഐക്യവും ശാശ്വതമായ സമാധാനവും ഉണ്ടാകാന്‍ വേണ്ടി പ്രാർത്ഥിക്കാനുള്ള അവസരമായി തീര്‍ത്ഥാടന യാത്രകളെ ഉപയോഗപ്പെടുത്തണമെന്നു ഗവർണർ ആഹ്വാനം ചെയ്തു. ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ നൈജീരിയയില്‍ സമാധാനം, ധാർമ്മിക മൂല്യങ്ങൾ, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ക്രൈസ്തവരുടെ പങ്കിനുള്ള അംഗീകാരമാണ് തീര്‍ത്ഥാടന പരിപാടിയ്ക്കു നല്‍കുന്ന സര്‍ക്കാര്‍ പിന്തുണയെന്ന് കരുതപ്പെടുന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »