News - 2024
കോംഗോയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുവാന്‍ കത്തോലിക്ക സഭ ശക്തമായി പരിശ്രമിക്കുമെന്ന് ബിഷപ്പ് ഓസ്‌കാര്‍ കാന്റു
സ്വന്തം ലേഖകന്‍ 20-10-2016 - Thursday
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കുവാന്‍ കത്തോലിക്ക സഭയ്ക്ക് സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നു ഇന്റര്‍നാഷണല്‍ ബിഷപ്പ്‌സ് കൗണ്‍സില്‍ ഫോര്‍ ജസ്റ്റീസ് ആന്റ് പീസിന്റെ ചെയര്‍മാനായ ബിഷപ്പ് ഓസ്‌കാര്‍ കാന്റു. കോംഗോയുടെ തലസ്ഥാനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം.
"വിവിധ രാഷ്ട്രീയ കക്ഷികളോട് ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തി. ചിലര്‍ അവരുടെ ഭാഗത്ത് നിന്നും ചെറിയ വിട്ടുവീഴ്ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. ചില കടുംപിടുത്തങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നത് ശരിയാണ്. ഒരാഴ്ചയ്ക്കു മുമ്പ് നടന്ന പ്രതിഷേധ റാലിയില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ 50 പേരാണ് കൊല്ലപ്പെട്ടത്".
"രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളില്‍ കത്തോലിക്ക സഭയ്ക്ക് അതിയായ ആശങ്കയുണ്ട്. ജനവികാരത്തെ ഉയര്‍ത്തിക്കാണിക്കുവാന്‍ സഭ ബാധ്യസ്ഥരാണ്. അതിനായി ശ്രമിക്കുകയും ചെയ്യും". ബിഷപ്പ് ഓസ്‌കാര്‍ കാന്റു പറഞ്ഞു.
മദ്ധ്യാഫ്രിക്കന്‍ രാജ്യങ്ങളില്‍ നവംബര്‍ മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുവാനിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും, ഭരണത്തിലെ സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് 2018-ലേക്ക് നീട്ടിവയ്ക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും നടത്തുന്നുണ്ട്. രണ്ടാം തവണയും അധികാരത്തില്‍ എത്തിയ കോംഗോ പ്രസിഡന്റ് ജോസഫ് കാബിലയുടെ കാലാവധി ഈ വര്‍ഷം ഡിസംബറിലാണ് അവസാനിക്കുന്നത്. രാഷ്ട്രീയ അരക്ഷിതരാവസ്ഥ വലിയ സംഘര്‍ഷങ്ങളാണ് കോംഗോയില്‍ സൃഷ്ടിക്കുന്നത്.
രാജ്യത്ത് നടക്കുന്ന സംഘര്‍ഷത്തിലുള്ള ആശങ്ക കോംഗോ കത്തോലിക്ക ബിഷപ്പുമാരുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് മാര്‍സെല്‍ ഉറ്റെമ്പി ടപ്പായും രേഖപ്പെടുത്തി. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍പ്പെടുത്തിയുള്ള ഭരണഘടനയുടെ നിര്‍മ്മിതിയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് അറുതി വരികയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.