News - 2024

സാത്താനും അവന്റെ സൈന്യവും ഭീതിപരത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പ്രമുഖ മാധ്യമങ്ങൾ

സ്വന്തം ലേഖകന്‍ 20-10-2016 - Thursday

ലോസാഞ്ചലസ്: ലോകമെമ്പാടും ഭീതി പരത്തുന്ന രീതിയില്‍ സാത്താനും അവന്റെ സൈന്യവും പ്രവർത്തിക്കുകയാണെന്നു പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രശസ്ത ഭൂതോച്ചാടകന്‍ ഫാദര്‍ വിന്‍സെന്‍സോ ടാറ്റബൊറേലി BBC-ക്ക് നല്‍കിയ അഭിമുഖത്തില്‍, ആധുനിക സമൂഹം സാത്താന്റെ ശക്തമായ ആക്രമണം നേരിടുന്നതിനെ കുറിച്ച് വിശദീകരിക്കുന്നു. ജീവിതത്തിലേക്ക് വിവിധ മാര്‍ഗങ്ങളിലൂടെ സാത്താനെ പ്രവേശിക്കുവാന്‍ ആളുകള്‍ അനുവദിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും ഫാദര്‍ ടാറ്റബൊറേലി പറയുന്നു.

സാത്താനെ മനുഷ്യരുടെ ശരീരങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്ന പ്രക്രിയ ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒന്നാണെന്നും ഫാദര്‍ ടാറ്റബൊറേലി പറയുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ പലരും രക്തം ഛര്‍ദിക്കുകയും, രക്തത്തില്‍ തടികഷ്ണങ്ങളും പേപ്പറും വരെ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും വിശദീകരിച്ചു. പുതുതലമുറയിലെ വൈദികരില്‍ പലരും ഭൂതോച്ചാടനത്തിന് വിമുഖത കാട്ടുന്നതായും ഫാദര്‍ ടാറബൊറേലി കൂട്ടിച്ചേര്‍ത്തു.

ഇത്തരം സാഹചര്യങ്ങളിൽ ഓരോരുത്തരും ക്രിസ്തുവിനോട് തങ്ങളുടെ ജീവിതത്തെ ചേർത്തുവച്ചുകൊണ്ട് പിശാചിന്റെ ആക്രമണങ്ങളിൽ നിന്നും മുക്തി നേടേണ്ടതിന്റെ ആവശ്യകത പ്രമുഖ കത്തോലിക്കാ മാധ്യമമായ 'കാത്തോലിക് ഓൺലൈൻ' പ്രത്യേകം എടുത്തു പറയുന്നു. "ശാസ്ത്രം വളരെ പുരോഗമിച്ച ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല കണ്ടുപിടിത്തങ്ങളും ജീവിതത്തെ ഏറെ സുഖമുള്ളതാക്കി മാറ്റി. എന്നാല്‍ ദൈവത്തില്‍ നിന്നും പലരും അകന്നു പോകുവാനും ഇത്തരം സാഹചര്യങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. ഈ വിടവിലൂടെയാണ് സാത്താന്‍ പലരുടെയും ജീവിതങ്ങളിലേക്ക് കടന്നുവരുന്നത്. ദേവാലയത്തിലേക്ക് പോകുവാനും, വിശുദ്ധ ബലിയില്‍ സംബന്ധിക്കുവാനുമുള്ള താല്‍പര്യം കുറയുന്നത് ഇത്തരം പ്രശ്‌നങ്ങളുടെ സൂചനയാണ്".

"വിഗ്രഹാരാധനയും, ഓജോ ബോര്‍ഡും നിങ്ങളിലേക്ക് സാത്താനെ പ്രവേശിപ്പിക്കുവാന്‍ വഴിവയ്ക്കുന്ന ഒന്നാണ്. ഒരിക്കല്‍ സാത്താന്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാന്‍ ആത്മഹത്യയുടെ ചിന്തകളെ വരെ അവന്‍ നിങ്ങളുടെ മനസ്സിലേക്ക് കുത്തി നിറയ്ക്കും. ഇതിനാല്‍ ദൈവഭക്തിയിലും, ദേവാലയവുമായുള്ള ബന്ധത്തിലും വളരേണ്ടത് ഏറെ അത്യാവശ്യമാണ്. സാത്താന്റെ അപകടങ്ങളെ മുന്നില്‍ കണ്ട് നാം എല്ലായ്പ്പോഴും ജാഗ്രതയോടു കൂടി തന്നെ വേണം ജീവിക്കുവാന്‍"- കാത്തോലിക് ഓൺലൈൻ മുന്നറിയിപ്പു നൽകുന്നു