News

സഭയോട് ചേർന്നു നിന്നുകൊണ്ട് അനുഗ്രഹം പ്രാപിക്കുക: ഫാ. സേവ്യർഖാൻ വട്ടായിൽ

സ്വന്തം ലേഖകന്‍ 21-10-2016 - Friday

നാം സഭയോട് ചേര്‍ന്നു നിന്നുകൊണ്ട് ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ തയ്യാറാകുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ അനുഗ്രഹമായി മാറുമെന്ന് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍.

സഭയുടെ സ്വരം ശ്രവിക്കുക എന്നാല്‍ ക്രിസ്തുവിന്‍റെ സ്വരം ശ്രവിക്കുക" എന്നതു തന്നെയാണെന്ന്‌ വി.ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുള്ള വചനഭാഗം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു. നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു." (ലൂക്കാ 10:16).

ബ്രിട്ടനിലെ പുതിയ സീറോ മലബാര്‍ രൂപതയും മാര്‍ ജോസഫ് സ്രാമ്പിക്കലും ബ്രിട്ടനിലെ വിശ്വാസികള്‍ക്ക് ലഭിച്ച വലിയ അനുഗ്രഹമാണെന്നും സ്രാമ്പിക്കല്‍ പിതാവിന്‍റെ വാക്കു ശ്രവിക്കുവാനും അദ്ദേഹത്തെ അനുസരിക്കുവാനും ഓരോ വിശ്വാസിക്കും കടമയുണ്ടെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

ഇപ്രകാരം ഒരു രൂപതാ മെത്രാന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കുന്ന കുടുംബങ്ങളിലേക്ക് ദൈവം ധാരാളം അനുഗ്രഹങ്ങള്‍ ചൊരിയുമെന്ന്‍ നിരവധി അനുഭവ സാക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം വിശദീകരിച്ചു. കാര്യമായ മുന്നറിയിപ്പുകളൊന്നും കൂടാതെ, പ്രവര്‍ത്തി ദിനത്തിൽ നടത്തപ്പെട്ടതായിരുന്നിട്ടു കൂടി ഇന്നലെ ധാരാളം ആളുകളാണ് ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നത്.

ദൈവജനത്തിനു വേണ്ടി ഇടയനെ നല്‍കുന്നത് ദൈവമാണെന്നും അതുകൊണ്ട് ആ ഇടയനോടു ചേര്‍ന്നു നില്‍ക്കുവാന്‍ ദൈവജനത്തിനു കടമയുണ്ടെന്നും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. നാം സഭയോട് ചേര്‍ന്ന്‍ നില്‍ക്കുമ്പോള്‍ നാം യേശുവിന്‍റെ നാമം വഹിക്കുന്നവരായി മാറുമെന്നും, അങ്ങനെ യേശുനാമത്തിന്‍റെ ശക്തിയാല്‍ നമുക്ക് വന്‍കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുവിനെ അറിയുക എന്നതും പ്രഘോഷിക്കുക എന്നതും ഇന്ന് ആളുകള്‍ വലിയ കാര്യമായി എടുക്കുന്നില്ലെന്നും, നാം ജീവിച്ചിരിക്കുന്ന കാലത്ത് ക്രിസ്തുവിനെ കൂടുതലായി അനുഭവിച്ചറിയാന്‍ ശ്രമിക്കണമെന്നും എങ്കില്‍ മാത്രമേ സ്വര്‍ഗ്ഗകവാടം നമുക്കായി തുറക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നറിയിപ്പു നല്‍കി.