News

നമുക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ചിട്ട് നിത്യജീവിതത്തിലേക്കു പ്രവേശിക്കാം എന്നു കരുതരുത്: മാർ ജോസഫ് സ്രാമ്പിക്കൽ

സ്വന്തം ലേഖകന്‍ 21-10-2016 - Friday

പ്രസ്റ്റണ്‍: ഈ ഭൂമിയിലെ ജീവിതകാലത്ത് ദൈവത്തെ അനുസരിക്കാതെ നമുക്കിഷ്ടമുള്ളതുപോലെ മാത്രം ജീവിച്ചിട്ട് നിത്യജീവിതത്തിലേക്ക് പ്രവേശിക്കാം എന്നു കരുതരുത് എന്ന് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇന്നലെ പ്രസ്റ്റണ്‍ കത്തീഡ്രലില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച ധ്യാനമധ്യേ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സുവിശേഷത്തില്‍ നിന്നും പത്ത് കന്യകമാരുടെ ഉപമ വിശദീകരിച്ചു കൊണ്ടാണ് ഈ ലോകജീവിതത്തില്‍ വച്ചു തന്നെ നിത്യജീവിതത്തിനായി ഒരുങ്ങേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചത്.

പത്തു കന്യകമാരുടെ ഉപമയിലെ മണവാളന്‍റെ വരവ് ക്രിസ്തുവിന്‍റെ രണ്ടാം വരവിനെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ നാമെല്ലാവരും ഒരുങ്ങിയിരിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ ഈ ലോക ജീവിതത്തിലെ ഒരു പരീക്ഷക്കുവേണ്ടി നാം എന്തുമാത്രം ഒരുക്കങ്ങളാണ് നടത്തുന്നത്. ഇത്തരം പരീക്ഷകള്‍ പരാജയപ്പെടാതിരിക്കാന്‍ നാം എത്രമാത്രം മുന്‍കരുതലുകളാണ് എടുക്കുന്നത്. എന്നാല്‍ നമ്മുടെ ഈ ലോകജീവിതം ലക്ഷ്യം വക്കുന്ന നിത്യജീവിതത്തിനു വേണ്ടി നാം എന്ത് ഒരുക്കങ്ങളും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്? പിതാവ് ചോദിച്ചു. ഈ ഭൂമിയില്‍ വച്ചുതന്നെ നിത്യജീവിതത്തിനായുള്ള പരീക്ഷക്കായി ഒരുങ്ങിയാല്‍ നാം ഒരിക്കലും പരാജയപ്പെടുകയില്ല. അദ്ദേഹം പറഞ്ഞു.

ഈ ഉപമയില്‍ വിവേകശൂന്യകളായ കന്യകമാര്‍ ഒരുങ്ങിയിരിക്കാത്തത് മൂലം 'ഞാന്‍ നിങ്ങളെ അറിയുകയില്ല' എന്ന്‍ മണവാളന്‍ പ്രതിവചിച്ചു. നമ്മുടെ ജീവിതത്തിലും നാം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ്. എന്നാല്‍ കര്‍ത്താവിനെ കൂടുതല്‍ അറിയാന്‍ നാം സമയം കണ്ടെത്താറുണ്ടോ? പിതാവ് ചോദിച്ചു.

നമ്മുടെ കര്‍ത്താവിനെ നാം കൂടുതലായി സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ നാം അവിടുത്തെ കൂടുതലായി അറിയാന്‍ തുടങ്ങും. ഇപ്രകാരം ക്രിസ്തുവിനെ കൂടുതലായി അനുഭവിച്ചറിഞ്ഞു കൊണ്ടാണ് നാം നമ്മുടെ വിളക്കില്‍ എണ്ണ നിറക്കേണ്ടത്. ഇപ്രകാരം നമ്മള്‍ എണ്ണ നിറക്കുമ്പോള്‍ നാം വിവേകവതികളായ കന്യകമാര്‍ക്ക് സദൃശ്യരായി തീരുന്നു.

വിവേകശൂന്യരായ കന്യകമാര്‍ അവസാന നിമിഷത്തില്‍ "കര്‍ത്താവേ കര്‍ത്താവേ ഞങ്ങള്‍ക്കു തുറന്നു തരണമേ" എന്ന് അപേക്ഷിക്കുന്നു. പക്ഷേ ഫലമുണ്ടായില്ല. അതിനാല്‍ നാം ഈ ലോകജീവിതത്തില്‍ വച്ചു തന്നെ കര്‍ത്താവേ കര്‍ത്താവേ എന്നു വിളിക്കേണ്ടതായിട്ടുണ്ട്.

ക്രിസ്തു നമ്മുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തു കൊണ്ട് കുരിശില്‍ മരിച്ചു എന്നത് ശരിയാണ്. അവിടുന്ന് കരുണാമയനായ ദൈവവുമാണ്. എന്നാല്‍ ഇത് നമുക്ക് തോന്നിയതുപോലെ ജീവിക്കാനുള്ള ഒരു ലൈസന്‍സായി കരുതരുതെന്നും ഈ ലോകജീവിതത്തില്‍ വച്ചുതന്നെ കര്‍ത്താവിനെ കൂടുതല്‍ അറിയുവാനും അവിടുത്തോടു കൂടെയായിരിക്കുവാനും നമുക്കോരോരുത്തര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.