News - 2024
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുക്കമായി പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തു കൊണ്ട് 'നൈറ്റ് ഓഫ് കൊളംമ്പസ്'
സ്വന്തം ലേഖകന്‍ 21-10-2016 - Friday
വാഷിംഗ്ടണ്‍ ഡിസി: നവംബര്‍ എട്ടാം തീയതി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെ 'നൈറ്റ് ഓഫ് കൊളംമ്പസ്' എന്ന കത്തോലിക്ക സംഘടന മാതാവിനോടുള്ള പ്രത്യേക നൊവേന പ്രാര്‍ത്ഥന പുറത്തിറക്കി. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഏഴാം തീയതി വരെയുള്ള തുടര്‍ച്ചയായ ഒന്‍പതു ദിവസങ്ങളില്‍ നൊവേന ചൊല്ലി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥം അപേക്ഷിക്കാനാണ് ആഹ്വാനം.
1791-ല്‍ അമേരിക്കയിലെ പ്രഥമ കത്തോലിക്ക ബിഷപ്പായ ജോണ്‍ കരോള്‍ ആണ് അമേരിക്കയെ മാതാവിന്റെ കരങ്ങളിലേക്ക് പ്രത്യേകമായി സമര്‍പ്പിച്ചത്. ഒരു രൂപത മാത്രമാണ് അന്ന് രാജ്യത്ത് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 1846-ല്‍ യുഎസിലെ ബിഷപ്പുമാരെല്ലാവരും ചേര്‍ന്ന് പരിശുദ്ധ അമ്മയെ രാജ്യത്തിന്റെ പാലകപുണ്യവതിയായി പ്രഖ്യാപിക്കുകയായിരുന്നു. മധ്യസ്ഥ പ്രാര്‍ത്ഥനകളിലൂടെ രാജ്യത്തിനായി സഹായം അഭ്യര്‍ത്ഥിക്കുവാന്‍ യുഎസ് ജനത എന്നും ശരണം പ്രാപിക്കുന്നത് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലാണ്.
വാഷിംഗ്ടണ്ണില്‍ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന 'നാഷണല്‍ ഷ്രൈന് ഓഫ് ഇമാക്യൂലേറ്റ് കണ്‍സെപ്ഷനില്‍' 1959 മുതലാണ് പ്രത്യേക നൊവേന പ്രാര്‍ത്ഥനകള്‍ ആരംഭിച്ചത്. അന്നത്തെ വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ പാട്രിക് ഒ. ബൊയ്ലിയാണ് ഇത്തരമൊരു പതിവിന് തുടക്കം കുറിക്കുവാനുള്ള അംഗീകാരം നല്‍കിയത്.
ദേവാലയങ്ങള്‍, കുടുംബങ്ങള്‍, നൈറ്റ് ഓഫ് കൊളംമ്പസിന്റെ വിവിധ കൂട്ടായ്മകള്‍ എന്നിവയിലൂടെയാണ്, പ്രത്യേക നൊവേന പ്രാര്‍ത്ഥന നടത്തേണ്ടതെന്ന് നൈറ്റ് ഓഫ് കൊളംമ്പസ് സിഇഒ കാള്‍ ആന്റേഴ്സണ് അറിയിച്ചു. അമേരിക്കന്‍ ജനത പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ശേഷം മാത്രമേ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാവുയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ പറഞ്ഞിരുന്നു.